തൊടുപുഴ: കൊവിഡ്- 19 വ്യാപനംമൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യം പരിഗണിച്ച് പ്രീ പ്രൈമറി മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ ഭദ്രത അലവൻസ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. നിലവിൽ അംഗീകാരമുള്ള പ്രീ പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കും ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുമാണ് ഭക്ഷ്യ ഭദ്രത അലവൻസിന്റെ ഭാഗമായി അരിയും പല വ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റ് നൽകുന്നത്. 2013ന് മുമ്പ് ആരംഭിച്ച പ്രീ പ്രൈമറി സ്‌കൂളുകൾക്കു മാത്രമാണ് ഗവ. അംഗീകാരം നൽകിയിട്ടുള്ളത്. ഭൂരിപക്ഷം വിദ്യാലയങ്ങളോടും ചേർന്നു പ്രവർത്തിക്കുന്ന പ്രീ പ്രൈമറികൾ 2013 നു ശേഷം ആരംഭിച്ചവയാണ്. അവയ്‌ക്കൊന്നും അംഗീകാരം ഗവ. നൽകിയിട്ടുമില്ല. പി.ടി.എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ശമ്പളമുൾപ്പെടെ നൽകുന്നത് പി.ടി.എ യാണ്. സ്‌കൂൾ തുറക്കാത്തതു കൊണ്ട് ഇത്തരം പ്രീപ്രൈമറി സ്‌കൂളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരും ഏറെ പ്രതിസന്ധി നേരിടുകയാണ്. അംഗീകാരം ലഭിക്കാത്തതു കൊണ്ട് ഇവിടെ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് ‌സർക്കാർ നൽകുന്ന സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ല. തികച്ചും സാധാരണക്കാരായ ആളുകളുടെ മക്കളാണ് പൊതുവിദ്യാലയങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സ്കൂളുകളിൽ പഠിക്കുന്നതെന്നതു കൊണ്ട് അവർക്ക് അർഹമായ സഹായങ്ങൾ നൽകുന്നതിന് ഗവ. തയ്യാറാകണമെന്ന് കെ.പി.എസ്.ടി. എ ജില്ലാ പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ ആവശ്യപ്പെട്ടു.