ചെറുതോണി: നിർമിതി കേന്ദ്രത്തിന്റെ അനാസ്ഥ കാരണം പ്രളയ പേടിയിൽ ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾ. കഞ്ഞിക്കുഴി, വെള്ളിയാമറ്റം, അറക്കുളം, അടിമാലി, വെള്ളത്തൂവൽ, പഞ്ചായത്തുകളെ അതീവപ്രളയ സാദ്ധ്യത മേഖലകളായി ഹരിത കേരളാ മിഷൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നു. ഈ പ്രദേശത്തുള്ള ആറും തോടുകളും കഴിഞ്ഞ വർഷങ്ങളിലെ പ്രളയക്കെടുതിയിൽ മണലും എക്കലും നിറഞ്ഞ് കിടക്കുകയാണ്. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും സമീപ പ്രദേശങ്ങളിലെ വീടുകളും കൃഷിയും നശിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കളക്ട്രേറ്റിൽ കൂടിയ യോഗത്തിൽ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളൽപ്പെട്ട നദികളിലെ പ്രളയാവശിഷ്ടങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ ജില്ലാ നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. എന്നാൽ നാളിതുവരെ നിർമ്മിതികേന്ദ്രം ഇതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു മൂലം അഞ്ച് പഞ്ചായത്തുകളിലെ പുഴയോരത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ പ്രളയഭീതിയിലാണ്. പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോട് ബന്ധുവീടുകളിൽ മാറി താമസിക്കാൻ വില്ലേജ് അധികാരികൾ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുകയാണ്. ഇതോടെ ജനങ്ങളുടെ ആശങ്കയും ഇരട്ടിയായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപ്പെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു.