ചെറുതോണി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷകവിരുദ്ധ ഓർഡിനൻസുകളായ അവശ്യസാധനഭേദഗതിയും കാർഷികോല്പന്ന വിപണന നിയമവും കോൺട്രാക്ട് ഫാമിംഗ് നിയമവും പിൻവലിക്കണമെന്ന് മലനാട് കർഷകരക്ഷാസമിതി ആവശ്യപ്പെട്ടു. ഈ മൂന്ന് ഓർഡിനൻസുകളും കൊണ്ടുവന്നത് ഏതാനും ചില വൻകിടകുത്തകകൾക്ക് കർഷകരുടെ ഉല്പന്നം കുറഞ്ഞവിലയ്ക്ക് അവരിൽനിന്നും വൻതോതിൽ ശേഖരിച്ച് അമിതലാഭം ഉണ്ടാക്കുന്നതിനും ഉണ്ടാക്കുന്നതിനും, കർഷകരെ ചൂഷണം ചെയ്യുന്നതിനും മാത്രമെ ഉപകരിക്കുകയുള്ളു. കോൺട്രാക്ട് ഫാമിംഗ് വ്യവസ്ഥകൾ കർഷകരെ തൊഴിലാളികൾ ആക്കി മാറ്റുന്നതാണ്. കാർഷികോല്പന്ന വിപണന നിയമത്തിലെ ഭേദഗതികൾ വഴി കർഷകർക്ക് മിനിമം സപ്പോർട്ട് പ്രൈസ് (എം.എസ്.പി) എന്ന അടിസ്ഥാന വിലപോലും ഉറപ്പാക്കുന്നില്ലാത്തതും, കർഷകരെ കൂടുതൽ കടക്കാരാക്കുന്നതുമാണ്.
രാഷ്ട്രീയ കിസാൻ മഹാസംഘ് എന്ന അഖിലേന്ത്യാ കർഷക കൂട്ടായ്മയുടെ ആഹ്വാനപ്രകാരം ദേശവ്യാപകമായി നടന്ന പരിപാടികളുടെ ഭാഗമായാണ് മലനാട് കർഷക രക്ഷാസമിതി ജില്ലാ കളക്ടർ വഴി പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്. സമിതി പ്രസിഡന്റ് ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, രാജു സേവ്യർ എന്നിവർ ചേർന്ന് നിവേദനം നൽകി