തൊടുപുഴ: ലോട്ടറി അടിച്ച സമ്മാന തുക ലഭിക്കാൻ കടമ്പകൾ ഒരുപാട് കടക്കണം എന്ന് മുട്ടം സ്വദേശിയായ അയ്യനിക്കാട്ട് സുരേഷിന് ബോദ്ധ്യം വന്നു. ലോട്ടറിയടിച്ച സമ്മാന തുകയായ ഒരു ലക്ഷം രൂപയ്ക്കായി ലോട്ടറി ഓഫീസിലെത്തിയ ഈ ഭാഗ്യവാനു മുന്നിൽ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കൈമലർത്തി. ലോട്ടറി വിൽപ്പന മൂലം ദിവസേന ലക്ഷങ്ങൾ ലഭിക്കുന്ന തൊടുപുഴ ജില്ലാ ലോട്ടറി ഓഫീസിൽ കൊവിഡ് മൂലം ഒരു രൂപ പോലും എടുക്കാനില്ലെന്ന മറുപടി നൽകി ഉദ്യോഗസ്ഥർ സുരേഷിനെ മടക്കി അയച്ചു എന്നാണ് പറയുന്നത്. കഴിഞ്ഞ രണ്ടിന് നറുക്കെടുപ്പ് നടന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപയാണ് സുരേഷിന് സമ്മാനമടിച്ചത്. ഏജന്റ് പറഞ്ഞതനുസരിച്ചാണ് സുരേഷ് കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോട്ടറി ഓഫീസിലെത്തിയതും. ഇവിടെഎത്തിയപ്പോഴാണ് നിലവിൽ സമ്മാനത്തുക നൽകാൻ പണമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിനിടെ സുരേഷ് ബാങ്കിൽ ലോട്ടറി നൽകിയെങ്കിലും ഒരു ലക്ഷം രൂപ വരെ ലോട്ടറി ഓഫീസിൽ നിന്നാണ് നൽകുന്നതെന്ന് ബാങ്ക് അധികൃതർ മറുപടി നൽകി. ഇതേ തുടർന്ന് സുരേഷ് പിന്നീട് വീണ്ടും ലോട്ടറി ഓഫീസിലെത്തിയെങ്കിലും പാന്‍ കാര്‍ഡുമായി വരാന്‍ നിര്‍ദേശിച്ചു. സുരേഷിന് പാന്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാല്‍ പാന്‍കാര്‍ഡുള്ള സഹോദരനെയുമായി ഇന്നലെ രാവിലെ എത്തിയെങ്കിലും പിന്നീടു വരാന്‍ അറിയിച്ചു. ഇതോടെ സമ്മാനതുകയ്ക്കായി പല തവണ ഓഫീസ് കയറിയിറങ്ങിയതിന്റെ നിരാശയിലായി സുരേഷ്. എന്നാല്‍ ലോട്ടറിയുമായി എത്തിയ സുരേഷിനോട് പാൻ കാർഡുമായി എത്താനാണ് നിർദേശിച്ചതെന്ന് ജില്ലാ ലോട്ടറി ഓഫീസ് അധികൃതർ പറഞ്ഞു. പാൻ കാർഡുള്ള സഹോദരന്റെ അപേക്ഷയിൽ ഇന്നലെ ലോട്ടറി കൈപ്പറ്റിയെന്നും കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നില നിൽക്കുന്നതിനാൽ തുക ലഭിക്കാൻ വൈകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുപ്പത് ശതമാനം നികുതിയും കമ്മീഷൻ തുകയും കഴിച്ച് 63000 രൂപയാണ് സുരേഷിന് ലഭിക്കുന്നത്.