തൊടുപുഴ: ലോക്ക്ഡൗണിന് ശേഷവും പഴയപോലെ ബസുകളെല്ലാം സർവീസ് പുനരാരംഭിക്കാത്തതിനാൽ പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാർ ഇപ്പോഴും വലിയ പെരുവഴിയിലാണ്. സമയത്ത് ഓഫീസിലെത്താനും രാവേറും മുമ്പ് തിരികെ വീട്ടിലെത്താനും കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. ഗ്രാമീണമേഖലയിലേക്കുള്ള സർവീസുകളാണ് ഇനിയും ആവശ്യത്തിന് ഇല്ലാത്തത്. ഈ പ്രദേശങ്ങളിലുള്ളവർ ജോലിക്കും മറ്റും പോകാൻ ആട്ടോറിക്ഷകളെയും ട്രിപ്പ് ജീപ്പുകളെയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇതോടെ യാത്രാ ചെലവ് വൻ തോതിൽ ഉയർന്നു. സ്വന്തം വാഹനങ്ങൾ ഇല്ലാത്തവരും ആട്ടോ വിളിക്കാൻ ശേഷിയില്ലാത്തവരും ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും രാത്രി വൈകി വീട്ടിലേക്കുള്ള മടക്കയാത്ര പലർക്കും ദുരിതമാണ്. ലോക്ക് ഡൗൺ പൊതുവിലുണ്ടാക്കിയ മാന്ദ്യത്തിൽ ശമ്പളം വെട്ടികുറയ്‌ക്കെപ്പട്ടവരും മാസങ്ങളായി നിഷേധിക്കപ്പെട്ടവരും സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിലുണ്ട്. സൂപ്പർ മാർക്കറ്റുകൾ, വസ്ത്രശാലകൾ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി തൊഴിലാളുകളാണ് ബസുകളെ ആശ്രയിച്ചിരുന്നത് . അതേസമയം രോഗവ്യാപന ഭീതിയുള്ളതിനാൽ ബസ് യാത്ര ഒഴിവാക്കുന്നവരും കുറവല്ല. സർക്കാർ ജീവനക്കാരിൽ വലിയൊരു വിഭാഗം ഒറ്റയ്ക്കും സംഘം ചേർന്നും ടാക്സി വിളിച്ചും ഒരാളുടെ കാറിൽ എല്ലാവരെയും കയറ്റിയും മറ്റുമാണ് ആ ഫീസുകളിലെത്തുന്നത്. ദിവസം തോറും ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഓഫീസ് യാത്രയുടെ ചെലവ് എല്ലാ പരിധിയും ഭേദിക്കുകയാണ്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ നിർബന്ധിത സാലറി കട്ട് കൂടിയായതോടെ സാമ്പത്തിക ഞെരുക്കത്തിലാണ് ഭീമമായ ശമ്പളം വാങ്ങാത്ത ഉദ്യോഗസ്ഥരിൽ മിക്കവരും. സ്വകാര്യ സ്ഥാപനങ്ങളിലെ ഒരു വിഭാഗം ജീവനക്കാർ യാത്രാ ബുദ്ധിമുട്ടുകളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഇടയിൽ നട്ടം തിരിയുകയാണ്. സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് അവധി ലഭിക്കുമ്പോൾ തൊഴിൽ അനുകൂല്യങ്ങൾക്ക് പുറത്താണ് സ്വകാര്യ സ്ഥാപനങ്ങളിലെ വലിയ വിഭാഗം ജീവനക്കാർ. ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക് ഡൗൺ ഒഴിവാക്കിയതോടെ ആഴ്ചയിൽ എല്ലാ ദിവസം ജോലിക്കെത്തണമെന്ന നിർദേശം ലഭിച്ച തൊഴിലാളികളുണ്ട്.

എന്ന് ശരിയാകും പൊതുഗതാഗതം

ബസ് ചാർജ് വർദ്ധിപ്പിച്ചിട്ടും പല റൂട്ടിലും ബസുടകൾ ഇനിയും സർവീസ് പുനരാരംഭിച്ചിട്ടില്ല. യാത്രക്കാർ കുറവാണെന്നതാണ ് ഇവർ പറയുന്നത്. ഈ രീതിയിൽ ഇരട്ടി ചാർജ് വാങ്ങിയാലും ബസ് ഓടിക്കുന്നത് മുതലാകില്ല. കൊവിഡ് പ്രതിസന്ധി കഴിയുന്നതുവരെ ഇതിന് മാറ്റമുണ്ടാകില്ലെന്ന് ഇവർ പറയുന്നു. ഇതോടെ ബസുകളെ മാത്രം ആശ്രയിക്കുന്ന സ്ത്രീകളടക്കമുള്ളവരാണ് ബുദ്ധിമുട്ടിലായത്. അതേസമയം ചില റൂട്ടുകളിൽ ഒരു മാനദണ്ഡവും പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ച് പോകുന്നത് പതിവാണ്. ബസുകൾ കുറവുള്ള റൂട്ടിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.