തൊടുപുഴ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ ഒരാൾ പിടിയിൽ. വണ്ണപ്പുറം മുണ്ടൻമുടി കാനാപ്പറമ്പിൽ അലുമിനിയം കുട്ടൻ എന്നറിയപ്പെടുന്ന ശ്രീജിത്തിനെയാണ് (35) കാളിയാർ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. തൊമ്മൻകുത്ത് ദർഭത്തൊട്ടി ഒഴുകയിൽ അനീഷിനെ (35) തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. ലോറി ഡ്രൈവറായ ശ്രീജിത് ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ടയാളാണെന്ന് എസ്.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അനീഷിനെ ഫോണിൽ വിളിച്ചു വരുത്തിയ സുഹൃത്ത് അനൂപിനെ പൊലീസ് നേരത്ത അറസ്റ്റു ചെയ്തിരുന്നു. എട്ടു പ്രതികളുള്ള കേസിൽ തട്ടിക്കൊണ്ടു പോകാൻ നേതൃത്വം നൽകിയ കോടിക്കുളം സ്വദേശിയും ആട്ടോ ഡ്രൈവറുമായ ജിനേഷ്, ലോറി ഡ്രൈവറും ക്വട്ടേഷൻ സംഘാംഗമായ നിസാർ എന്നിവരുൾപ്പടെ ആറു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 16ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ കാറിലെത്തിയ സംഘം അനീഷിന്റെ വാഹനം കൈ കാണിച്ചു നിറുത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. അനീഷിന്റെ ജ്യേഷ്ഠന്മാർ ജിനേഷിനു നൽകാനുള്ള ഒന്നേകാൽ ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. പരിക്കേറ്റ അനീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശ്രീജിതിനെ റിമാൻഡ് ചെയ്തു.