തൊടുപുഴ: ജില്ലയിലെ മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കും പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാൻഡ് അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വരെ ഗ്രാമ പഞ്ചായത്ത്, നഗരസഭകൾ, കോർപ്പറേഷൻ എന്നിങ്ങനെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്കാണ് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് അനുവദിച്ചിരുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം വരെ ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകൾക്കും 2 നഗരസഭകൾക്കും മാത്രമാണ് ധനകാര്യ കമ്മീഷന്റെ ഗ്രാൻഡ് ലഭിച്ചിരുന്നത്. എന്നാൽ നടപ്പ് സാമ്പത്തിക വർഷം മുതൽ ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾക്കും ധനകാര്യ കമ്മീഷന്റെ ഗ്രാൻഡ് ഉപയോഗിക്കാം എന്ന് സർക്കാർ തലത്തിൽ തീരുമാനം ആവുകയും ഇതിന്റെ ഉത്തരവ് ഇറങ്ങുകയും ചെയ്തു. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്തും ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളും ധനകാര്യ കമ്മീഷന്റെ ഗ്രാന്റിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു തുടങ്ങി. പ്രത്യേക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും വ്യത്യസ്തമായ രീതിയിലുള്ള ഗ്രാന്റാണ് അനുവദിക്കുന്നത്. ജില്ലാ പഞ്ചായത്തിന് നടപ്പ് സാമ്പത്തിക വർഷം 14 കോടി രൂപയാണ് ഇതിൻ പ്രകാരം ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ശമ്പളം, എസ്റ്റാബ്ലിഷ്‌മെന്റ്ചിലവുകൾ എന്നിവക്ക് ഒഴികെ മറ്റ് വികസന പ്രവർത്തികൾക്ക് ഗ്രാൻഡ് പൂർണ്ണമായും ഉപയോഗിക്കാൻ കഴിയും. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി നിർവഹണവും ചെലവും വിശദമായി വിലയിരുത്തിയാണ് തുടർ വർഷങ്ങളിൽ ഗ്രാൻഡ് അനുവദിക്കുന്നത്.
ഏറ്റെടുക്കാവുന്ന പദ്ധതികൾ
ഖര - ദ്രവ മാലിന്യ സംസ്ക്കരണം, കുടിവെള്ള വിതരണം, ശുചിത്വം, ജലസംരക്ഷണം, ജല സ്രോതസുകളുടെ പരിപോഷണം, നൽകിയാവണം പദ്ധതി സമ്പൂർണ്ണ ശൗചാലയ പദ്ധതി, മഴ വെള്ള സംഭരണി, ജലത്തിന്റെ പുനചംക്രമണവും, ജലത്തിന്റെ പുനരുപയോഗവും എന്നിങ്ങനെയുള്ള മേഖലകൾക്ക് മുൻഗണന നൽകിയാവണം പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടത്. കൂടാതെ കഴിഞ്ഞ വർഷത്തെ പദ്ധതികൾ സ്പിൽ ഓവറായും ഏറ്റെടുക്കാം. കോവിഡിനെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി ഏറ്റെടുത്ത പദ്ധതികളും 2018 ലെ പ്രളയത്തെ തുടർന്ന് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ച വിഹിതവും സ്പിൽ ഓവറായി ഇതിൽ ഉൾപ്പെടുത്തണം.
ലഭിക്കുന്നത്
ജില്ലാ പഞ്ചായത്ത് :13.4 കോടി,
8 ബ്ലോക്കുകൾക്ക് :13.4 കോടി,
2 നഗരസഭകൾ : 7.81 കോടി,
52ഗ്രാമപഞ്ചായത്തുകൾക്ക് :73.70 കോടി