ഇടുക്കി: മത്സ്യ കർഷക ദിനാചരണത്തിന്റെയും സുഭിക്ഷ കേരളം ബയോഫ്‌ളോക് മത്സ്യസംരംഭകർക്കായുള്ള പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാളെ രാവിലെ 10 ന് ഓൺലൈനായി നിർവ്വഹിക്കും. 14 ജില്ലകളിലെ 40 കേന്ദ്രങ്ങളിലായി 400 മത്സ്യകർഷകർ നേരിട്ടും 10,000ഓളം കർഷകർ വീടുകളിലിരുന്നും പരിശീലന പരിപാടിയിൽ പങ്കെടുക്കും. 10, 13 തീയതികളിലായി നടക്കുന്ന ഓൺലൈൻ പരിശീലനത്തിൽ ബയോഫ്‌ളോക് കൃഷിരീതിയുടെ സാങ്കേതിക വശങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ വിശദമാക്കും. അടുത്ത ദിവസം കർഷകർ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രദർശന ബയോഫ്‌ളോക് യൂണിറ്റുകൾ സന്ദർശിച്ച് വിവിധ കാര്യങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുകയും അതിനടുത്ത ദിവസം ഗ്രൂപ്പുകളായി തിരിഞ്ഞ് തെരഞ്ഞെടുക്കപ്പെടുന്ന കർഷകന്റെ വീട്ട്വളപ്പിൽ ബയോഫ്‌ളോക് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്യും. http://www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ ലൈവായി പരിശീലനത്തിൽ പങ്കെടുക്കാം.