നെടുങ്കണ്ടം: കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്ക്തല പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം നടന്നു. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽ തന്നെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ നിർവ്വഹിച്ചു. കർഷകരായ ഓമനക്കുട്ടൻ, ജെസി കുര്യൻ, വിദ്യാർത്ഥിയായ അശ്വിൻ എന്നിവർ പച്ചക്കറി വിത്തുകൾ ഏറ്റുവാങ്ങി. ആദ്യഘട്ടത്തിൽ ലഭ്യമായ പച്ചക്കറി വിത്തുകൾ നെടുങ്കണ്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടറേറ്റ് ഓഫീസിന് കീഴിലുള്ള ഏഴ് കൃഷിഭവനുകൾക്കും കൈമാറി. ചീര, പയർ, പടവലം, പാവൽ തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്തത്. അടുത്ത ഘട്ടത്തിൽ ബ്ലോക്ക് പരിധിയിലുള്ള എല്ലാ വീടുകളിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിനായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും കൃഷിഭവനുകൾ മുഖേന വിതരണം ചെയ്യും.