കുമളി: കൊവിഡ് കാലത്ത് ആദിവാസി മേഖലകളിലും വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന്റെ തിരക്കിലാണ്.. കുമളി ഗ്രാമപഞ്ചായത്തിലെ മന്നാക്കുടി കമ്മ്യൂണിറ്റി ഹാളിൽ ക്രമീകരിച്ചിട്ടുള്ള ഓൺലൈൻ പഠനകേന്ദ്രത്തിൽ 97 കുട്ടികളാണ് പുതിയ രീതിയിൽ പഠനം നടത്തുന്നത്. മന്നാക്കുടി ആദിവാസി മേഖലയിൽ ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ പഞ്ചായത്തിന്റെയും ട്രൈബൽ, വനം വകുപ്പുകളുടെയും സഹകരണമുണ്ടായി. കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും സഹായത്തോടെയാണ് കുട്ടികൾക്ക് പഠനം സാദ്ധ്യമാക്കിയിട്ടുള്ളത്. രാവിലെ 8 മുതൽ മന്നാക്കുടിയിലെ ഓൺലൈൻ പഠന കേന്ദ്രം സജീവമാണ്. ഒരു വർഷം മുമ്പ് പ്രദേശത്ത് പ്രവർത്തനമാരംഭിച്ച സാമൂഹിക പഠനമുറിയിലെ അദ്ധ്യാപികയായിരുന്ന ആര്യ രാജ് കുട്ടികൾക്ക് സംശയനിവാരണത്തിനായി സദാസമയവും പഠനകേന്ദ്രത്തിലുണ്ട്. ക്ലാസുകളിൽ പങ്കാളികളാവുകയെന്നതിനപ്പുറം കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് പഠനഭാഗം ഒരിക്കൽ കൂടി വിശദീകരിച്ച് കൊടുക്കാനും അദ്ധ്യാപികയുടെ സാന്നിദ്ധ്യം പ്രയോജനകരമാണ്. പത്താംതരം വരെയുള്ള കുട്ടികൾക്ക് ടെലിവിഷനിലൂടെയും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറിലൂടെയുമാണ് ഓൺലൈൻ പഠനത്തിന്റെ ഭാഗമാകാൻ അവസരമൊരുക്കുന്നത്. ഒരു വിഭാഗത്തിന്റെ പഠനം കഴിഞ്ഞാൽ അടുത്ത വിഭാഗത്തിന്റെ ഊഴമായി. സാമൂഹിക അകലം പാലിച്ച് മാസ്‌ക്ക് ധരിച്ച് ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന രീതിയിലാണ് ഇരിപ്പിടം സജ്ജമാക്കിയിട്ടുള്ളത്. ക്ലാസിന് മുമ്പെ എത്തുന്ന കുട്ടികൾക്ക് ഇരിക്കാനും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. മന്നാക്കുടിക്ക് പുറമെ മറ്റ് രണ്ടിടങ്ങളിൽകൂടി സമാനരീതിയിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. മന്നാക്കുടിയിൽ പഠനത്തിനെത്തുന്ന 97കുട്ടികളും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്.