തൊടുപുഴ: ഈ മാസം ഇതുവരെ ജില്ലയിൽ കൊവിഡ്-19 സ്ഥിരീകരിച്ചത് 43 പേർക്ക്. വെറും എട്ട് ദിവസത്തെ കണക്കാണിത്. കഴിഞ്ഞ മാസം ആകെ 76 പേർക്കായിരുന്നു ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ 21ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ജില്ലയിലെ ഏറ്റവും വലിയ കണക്ക്. ഇതാണ് ഇന്നലെ പഴങ്കഥയായത്. ഇതുവരെ 26 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടിട്ടുള്ളത്. ഇതിൽ എട്ട് പേർക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് കണ്ടെത്താനായിട്ടില്ല.
മാർച്ച് 14നായിരുന്നു ജില്ലയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാറിൽ വിനോദ സഞ്ചരത്തിനെത്തിയ ബ്രിട്ടീഷ് പൗരനായിരുന്നു ആദ്യ രോഗി. പിന്നീട് പൊതുപ്രവർത്തകനടക്കം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ജാഗ്രയോടെ പ്രവർത്തിച്ചപ്പോൾ ഏപ്രിൽ ആദ്യം വാരം തന്നെ ജില്ല കൊവിഡ് മുക്തമായി. എന്നാൽ രോഗം രണ്ടാമതുമെത്തി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ പലരുടെയും സമ്പർക്കപ്പട്ടിക വലുതായിരുന്നു. എങ്കിലും അതും ഇടുക്കി അതിജീവിച്ചു. മൂന്നാംഘട്ടം വളരെ സാവധാനമാണ് ഇടുക്കിയിൽ തുടങ്ങിയത്. ജൂൺ ഒന്ന് വരെ രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക് മാത്രം. എന്നാൽ, മൂന്നിന് ഒമ്പത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പിന്നീട് ഇടവിട്ട ദിവസങ്ങളിൽ നാലും മൂന്നും കേസുകൾ വീതം റിപോർട്ട് ചെയ്തു. പിന്നീട് 21ന് 11പേർക്കായി. എങ്കിലും വയനാടിനൊപ്പം കൊവിഡ് രോഗികളുടെ എണ്ണത്തിൽ പിന്നിലായിരുന്നു ഇടുക്കി. എന്നാൽ ഇങ്ങനെ പോയാൽ സ്ഥിതി ആശങ്കാജനകമാകുമെന്നാണ് കണക്കുകൾ പറയുന്നത്. ഇടുക്കി സ്വദേശികളായ 76 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 78 പേർ രോഗമുക്തരായി.
തീയതി രോഗികൾ
01- 01
02- 08
03- 02
04- 02
05- 06
06- 06
07- 01
08- 20