തൊടുപുഴ: അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇടുക്കിയിലേക്ക് വരുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയത് ആശങ്ക ഇരട്ടിയാക്കുന്നു. നേരത്തെ അതിർത്തി കടന്നെത്തുന്നവർക്ക് പാസ് നൽകുന്നത് വിശദമായ അന്വേഷണങ്ങൾക്ക് ശേഷമായിരുന്നു. എന്നാൽ ഇപ്പോൾ കേന്ദ്ര നിർദേശപ്രകാരം വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും പാസ് നൽകി തുടങ്ങി. ഇത്തരത്തിൽ മൂന്ന് ദിവസം കൊണ്ട് രണ്ടായിരത്തി മുന്നൂറോളം പേരാണ് ജില്ലയിലേക്ക് അതിർത്തി കടന്നെത്തിയത്. അതും കൊവിഡ് പടർന്ന് പിടിക്കുന്ന കമ്പം, തേനി, ഗൂഡല്ലൂർ, ഡിണ്ടുക്കൽ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കൂടുതൽ പേരും. 14 ദിവസം ഇവർ ക്വാറന്റൈനിൽ ഇരിക്കണം. പക്ഷെ, ഇത്രയും പേരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പിന് സാധിക്കില്ല. ഇവർ ജില്ലാഭരണകൂടത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്.