കട്ടപ്പന: ഇന്നലെ സമ്പർക്കത്തിലൂടെ രോഗം പകർന്ന നഴ്‌സിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരെ വലയ്ക്കുന്നു. എന്നാൽ പ്രാഥമിക സമ്പർക്കത്തിലുള്ളവർ സഹപ്രവർത്തകരാണ്. 108 ആംബുലൻസിലെ ഇ.ആർ.ടി സ്റ്റാഫ് നഴ്‌സായ ഇദ്ദേഹവും മറ്റു ആംബുലൻസുകളിലെ ജീവനക്കാരും ഒരുമിച്ചാണ് വെള്ളയാംകുടിയിലെ മുറിയിൽ താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്നവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇദ്ദേഹം പതിവായി നഗരത്തിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ആംബുലൻസിൽ രോഗികളുമായി നിരവധി ആശുപത്രികളിൽ പോയിരുന്നു. ഇവിടെ നിന്ന് രോഗം ബാധിച്ചതാണോയെന്നും സംശയിക്കുന്നു. ജൂൺ 21ന് രോഗം സ്ഥിരീകരിച്ച ആശ പ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.