നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ റിസോർട്ടിനും വിവാദമായ ക്രഷറിനും സ്റ്റോപ്പ് മെമ്മോ. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യന്റെ ഉടമസ്ഥതയിലുള്ള ജംഗിൾ പാലസ് റിസോട്ടിന്റെ പ്രവർത്തനം തടഞ്ഞ് ശാന്തമ്പാറ പഞ്ചായത്താണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. . റിസോട്ട് അടഞ്ഞു കിടക്കുന്നതിനാൽ സ്റ്റോപ്പ് മെമ്മോ ഉടമയുടെ പേരിൽ പഞ്ചായത്ത് സെക്രട്ടറി അയച്ചു. ഇന്നലെ സ്റ്റോപ്പ് മെമ്മോ നൽകിയ ചതുരംഗപ്പാറക്ക് സമീപത്തെ ക്രഷറിൽ റവന്യൂ സംഘം പരിശോധന നടത്തി. ക്രഷറിന് സമീപമുള്ള പാറമടയിൽ അനുമതിയില്ലാതെ സംഭരിച്ചിരിക്കുന്ന കോടികൾ വിലമതിക്കുന്ന നിർമാണ വസ്തുക്കൾ റവന്യൂ സംഘം കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ചിരുന്ന നിർമാണ സാധനങ്ങൾ വിൽപന നടത്തിയതിനും തെളിവുകൾ ലഭിച്ചു. സ്റ്റീൽ ടി.എം.ടി. കമ്പികൾ, മിറ്റിൽ, പാറപ്പൊടി എന്നിവയുടെ വൻ ശേഖരമാണ് കണ്ടെത്തിയത്. ഇവ ലോറിയിൽ കയറ്റാൻ ഉപയോഗിച്ച രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളും പറമടക്ക് സമീപത്ത്നിന്നും കണ്ടെത്തിയിട്ടുണ്ട്.
ക്രഷറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ലക്ഷങ്ങളുടെ മെറ്റലും, പാറപ്പൊടിയും വിൽപന നടത്തിയതെന്നാണ് റവന്യൂ സംഘത്തിന് ലഭിച്ച വിവരം. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ക്രഷറിനും സമീപത്തെ പാറമടയ്ക്കും എല്ലാ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്ടർക്കും ജിയോളജിസ്റ്റിനും റിപ്പോർട്ട് നൽകുമെന്ന് ഉടുമ്പൻചോല തഹസിൽദാർ മനോജ് രാജൻ അറിയിച്ചു. അനിയന്ത്രിതമായ പാറ ഖനനത്തെത്തുടർന്ന് റവന്യൂ വകുപ്പും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും ചേർന്ന് 2017ൽ പ്രവർത്തനം തടഞ്ഞ വിവാദ പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷർ ആരംഭിക്കാനായി വാടകക്കെടുത്തിരിക്കുന്നത്. എന്നാൽ പാറമടയിൽ ക്രഷർ ആരംഭിക്കുന്നതിന് റവന്യൂ മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളുടം നിരാക്ഷേപ പത്രം വ്യവസായ ഗ്രൂപ്പ് വാങ്ങി ഉടുമ്പൻചോല പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല. പാറമടയിൽ നിർമാണ സാധനങ്ങൾ, വാഹനങ്ങൾ, യന്ത്ര സാമാഗ്രികൾ എന്നിവ എത്തിച്ച് സൂക്ഷിക്കുന്നതിനും വിൽപന നടത്തുന്നതിനുമുള്ള സ്റ്റോക്ക് ലൈസൻസുമില്ല.
അഞ്ച് പേർ
കൂടി അറസ്റ്റിൽ
നെടുങ്കണ്ടത്ത് നിയമവിരുദ്ധമായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി. ഉടുമ്പൻചോല പയ്യാനിക്കൽ വീട്ടിൽ ലൗസൻ (48), വിത്സൺ (46), ഉടുമ്പൻചോല കല്ലുപാലം വിളയിൽ വീട്ടിൽ ജെയിംസ് (35), കല്ലുപാലം കടുപ്പിൽ വീട്ടിൽ ജുബിൻ (37), കാന്തിപ്പാറ അരുവിലംചാൽ മാങ്ങാത്തൊട്ടി തെങ്ങുമ്പള്ളി വീട്ടിൽ ജെയിംസ് (42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതോടെ കേസിൽ ഇതുവരെ 33 പേർ അറസ്റ്റിലായി. 47 പേരെയാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.