bjp

തൊടുപുഴ: സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുള്ളതിനാൽ പിണറായി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുൻപിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തി. ജില്ലാ ഉപാദ്ധ്യക്ഷൻ ശശി ചാലയ്ക്കൻ അദ്ധ്യക്ഷത വഹിച്ച ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം ബിനു ജെ. കൈമൾ ഉദഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ എല്ലാ കാര്യങ്ങളിലും ഉപദേശക സ്ഥാനത്തു നിൽക്കുന്ന പ്രിസിപ്പൽ സെക്രട്ടറി ആരോപണ വിധേയനായി പുറത്ത് പോകേണ്ടി വന്നിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും പങ്കില്ലെന്നും പറയുന്നത് സാധാരണ ജനങ്ങൾക്ക് വിശ്വസിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ മുഖ്യമന്ത്രി രാജിവെച്ച് ഭരണ ഇടപെടലുകൾ ഇല്ലാത്ത സുതാര്യമായ അന്വേഷണം നടത്താനുള്ള സാഹചര്യം ഉണ്ടാകണമെന്ന് കൈമൾ ആവശ്യപ്പെട്ടു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം സ്വാഗതവും ജനറൽ സെക്രട്ടറി എൻ. വേണുഗോപാൽ നന്ദിയും പറഞ്ഞു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി ജില്ലാ സെക്രട്ടറി ടി.എച്ച്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ. കെ. അബു, മണ്ഡലം ട്രഷറർ സന്തോഷ് ഇടവെട്ടി, ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, യുവമോർച്ച തൊടുപുഴ മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.