കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ പുനർനിർമ്മാണ ജോലികളുടെ മറവിൽ നടക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കൊള്ള. അര ഡസനിലേറെ തവണ മലയിടിച്ചിലുണ്ടായിട്ടും ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തിട്ടും ഇവിടെ പാറപൊട്ടിക്കൽ നിർബാധം തുടരുകയാണ്. 1500 കുടുംബങ്ങളുടെ ജീവന് ഭീഷണിയായിട്ടും കൊച്ചികേന്ദ്രമായ റോഡ് നിർമാണ കമ്പനിയ്ക്ക് റോഡ് നിർമിക്കുന്നതിലല്ല, പാറപൊട്ടിച്ച് കടത്തുന്നതിൽ മാത്രമാണ് താത്പര്യമെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് സ്പെഷ്യൽ തഹസിൽദാർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. റോഡ് കടന്നുപോകാത്ത ഭാഗത്തെ വരെ പാറ പൊട്ടിച്ചുനീക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മുകൾ മണ്ണിന്റെ ബലം നോക്കാതെ മലകൾക്ക് ഉള്ളിൽ പോലും അമിത സ്ഫോടക വസ്തുക്കൾ വച്ച് ഖനനം നടത്തിയതായി കണ്ടെത്തി. കരിങ്കൽ ഖനനത്തിനായി റോഡ് അലൈൻമെന്റ് മാറ്റിയെന്ന ആരോപണവും കരാറെടുത്ത കമ്പനിക്കെതിരെയുണ്ട്. ഗ്യാപ് റോഡിനു താഴെയുള്ള കിളിപ്പാറ, സൊസൈറ്റിമേട്, കാക്കാക്കട, ചൊക്രമുടിക്കുടി, ചങ്ങനാശേരിക്കട, ശെവന്തിക്കനാൽ എന്നിങ്ങനെ ആദിവാസി ഊരുകൾ കൂടി ഉൾപ്പെട്ട മേഖലയിലെ 1500 കുടുംബങ്ങൾക്ക് ഭീഷണിയായാണ് പാറ പൊട്ടിക്കൽ. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കൃഷി നശിച്ച കർഷകർക്കു നഷ്ടപരിഹാരം അനുവദിക്കണമെന്നും നിർമാണ കമ്പനിയുടെ അനാസ്ഥയാണ് മലയിടിച്ചിലിനു കാരണമെങ്കിൽ അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണം. കാലവർഷം കണക്കിലെടുത്ത് തുടർ അപകടങ്ങൾ ഉണ്ടാകുന്നതു തടയാൻ നിർമാണ നിരോധനം ഏർപ്പെടുത്തണമെന്നും കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നൽകി രണ്ടാഴ്ചയിലേറെയായിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.
ബ്രിട്ടീഷുകാരുടെ കാലത്തെ പാത
ബ്രിട്ടീഷ് ഭരണകാലത്തു തമിഴ്നാട്ടിലേക്കു തേയില കൊണ്ടുപോകാൻ ബദൽമാർഗമെന്ന നിലയിൽ സൂക്ഷ്മതയോടെ നിർമിച്ചതാണ് ഗ്യാപ്പ് റോഡ്. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. 1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്നാണ് റോഡ് നിർമിച്ചത്. അപകട സാദ്ധ്യത മുന്നിൽക്കണ്ട് പ്രകൃതിയെ കാര്യമായി മുറിവേൽപ്പിക്കാതെയുള്ള നിർമ്മാണമാണ് അന്ന് നടത്തിയത്. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്ക്. ഇവിടെ 900 മീറ്റർ ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോ മീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടി രൂപയാണ് ഉപരിതലഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
അര ഡസൻ മലയിടിച്ചിൽ
അശാസ്ത്രീയവും ഭൂപ്രകൃതിക്ക് ചേരാത്തതുമായ നിർമാണത്തെ തുടർന്നു വൻതോതിൽ മലയിടിച്ചിലുകളുണ്ടായി. 2019 ഒക്ടോബർ എട്ടിനും 11 നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നിരുന്നു. മലയടിവാരത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ചെറിയ ഇടിച്ചിലുകളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിന് ശേഷം രണ്ട് മാസത്തോളം നിർമാണം നിറുത്തിവച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമിച്ചതും വൻപാറക്കെട്ടുകൾ അനധികൃതമായി പൊട്ടിച്ചുനീക്കിയതും മൂലമാണ് മലയിടിഞ്ഞതെന്നു ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതവഗണിച്ച് പാറപൊട്ടിക്കലും നിർമാണപ്രവർത്തനങ്ങളും തുടർന്നു. ഇതിന്റെ പരിണിതഫലമായി ജൂൺ 17ന് രാത്രിയുണ്ടായ വൻ മലയിടിച്ചിലിൽ അര കിലോമീറ്ററോളം റോഡാണ് തകർന്നത്. മലഞ്ചെരിവിൽ 25 ഏക്കറിലധികം സ്ഥലത്ത് വൻ കൃഷിനാശവും സംഭവിച്ചു. അടിവാരത്ത് നിർമ്മിച്ചിരുന്ന രണ്ട് കെട്ടിടങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഒരു വാഹനത്തിന് കേടുപാടുകളുണ്ടായി. മഴക്കാലത്ത് ദുരന്ത സാധ്യത കണക്കിലെടുത്ത് ഈ മാസം അഞ്ചിന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നത് വൻദുരന്തമൊഴിവാക്കി. പത്തു മാസത്തിനുള്ളിൽ നാലാം തവണയാണ് വലിയതോതിലുള്ള മണ്ണിടിച്ചിൽ ഇവിടെ ഉണ്ടാകുന്നത്. എന്നിട്ടും ഇതേ കമ്പനിക്ക് വീണ്ടും പാറപൊട്ടിച്ച് കൊണ്ടുപോകാൻ ആരാണ് അനുമതി നൽകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും വീണ്ടും മലയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത്.