തൊടുപുഴ: 1964 - ലെയും 1993 ലെയും ഭൂമി പതിവു ചട്ടങ്ങളിൽ കാലാനുസൃതമായ ഭേദഗതി ചെയ്യാമെന്ന വാഗ്ദാനം നടപ്പാക്കാതെ ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം). കൃഷി ആവശ്യത്തിനും വീട്ടാവശ്യത്തിനും മാത്രമാണ് നിലവിലുള്ള ഭൂമി പതിവു ചട്ടങ്ങൾ പ്രകാരം പട്ടയ ഭൂമിയിൽ അനുമതിയുണ്ട്. 1964 - ലെയും 1993- ലെയും നിയമങ്ങൾ പ്രകാരം മാത്രമേ ഭൂവിനിയോഗം അനുവദിക്കാവൂ എന്ന് ഹൈക്കോടതി വിധിയും ഉണ്ടായി. ഈ നിയമം ഇപ്പോൾ പ്രാവർത്തികമായിട്ടുണ്ട്. ജില്ലയിലെ എട്ടു വില്ലേജുകൾ മാത്രമാണെങ്കിലും ഇതു സംസ്ഥാനത്താകെ നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം ഈ നിയമത്തിൽ ലഭിച്ച പട്ടയ ഭൂമിയിൽ നിരവധിയായ മറ്റുപയോഗങ്ങൾ നടന്നിട്ടുണ്ട്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ ഇപ്പോൾ നിലവിലുള്ള സാഹചര്യങ്ങളിൽ നിയമത്തിന് ഭേദഗതി ചെയ്യണമെന്ന് കേരളാ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് പി.ജെ. ജോസഫ് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ മനസ്സിലാക്കിയ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് നിയമഭേദഗതി നടത്തുമെന്നറിയിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഈ ആവശ്യത്തിനായി രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉറപ്പു നൽകിയ മുഖ്യമന്ത്രി യാതൊരു നടപടിയും ചെയ്യാതെ കർഷകരെയാകെ വഞ്ചിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സമര പരിപാടികൾ പുനരാരംഭിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.