ചെറുതോണി: ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയിൽ നൽകിയ കേസിൽ കക്ഷി ചേരാനുള്ളഡീൻ കുര്യാക്കോസ് എം. പിയുടെ തീരുമാനം ദുരൂഹത നിറഞ്ഞതാണെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസ്, സെക്രട്ടറി എൻ.വി. ബേബി എന്നിവർ പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ഇടുക്കി മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗം സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ പരിസ്ഥിതി സംഘടനകൾക്കൊപ്പം നിലകൊണ്ടാൽ ആ ഒറ്റക്കാരണം കൊണ്ട്തന്നെ ജനങ്ങൾക്കെതിരായ കോടതിവിധിയുണ്ടാകും. ആരുടെയോ അജണ്ട നടപ്പാക്കാനാണ് എം.പിയുടെ നീക്കം. ഉമ്മൻ വി. ഉമ്മൻ സമിതി റിപ്പോർട്ട് ശാസ്ത്രീയവും സമഗ്രവുമായി തയ്യാറാക്കപ്പെട്ടതല്ല. ഇ.എസ്.എയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തോടും പുഴയും ചതുപ്പും പുറമ്പോക്കും റോഡും എല്ലാം ഉൾപ്പെടുത്തി നൽകിയ പിഴവുകൾ നിറഞ്ഞ റിപ്പോർട്ട് നടപ്പിലാക്കണമെന്നാണ് എം.പി ആവശ്യപ്പെടുന്നത്. തുടർച്ചയായ ഭൂപ്രദേശങ്ങൾ ഇല്ലാതെ ഇടകലർന്ന ഇ.എസ്.എ അംഗീകരിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. 123 വില്ലേജുകളിലെ 13108 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എ ആയി പ്രഖ്യാപിച്ച് നിർമ്മാണം നിരോധിച്ചുകൊണ്ട് ഇറങ്ങിയ 2013 നവംബർ 13 ലെ ഉത്തരവ് 2018 ഡിസംബർ 3 ന് ഭേദഗതി ചെയ്തിരുന്നു. ഇടതുപക്ഷ എംപിമാരുടെ ശ്രമഫലമായി നിർമ്മാണ നിരോധനം നീക്കി പരിസ്ഥിതി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഉത്തരവ് ഇറങ്ങിയപ്പോൾ ഇങ്ങനെയൊരു ഉത്തരവില്ലെന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ കേസിൽ കക്ഷി ചേരുന്നത്. 2018 ഡിസംബർ മൂന്നിലെ നിരോധനം നീക്കിയ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരിസ്ഥിതി സംഘടനകൾ ഇപ്പോൾ കേസ് നൽകുന്നതും ഡീൻ കുര്യാക്കോസ് അതിൽ കക്ഷി ചേരുന്നതും. ഈ വൈരുദ്ധ്യം ജനങ്ങൾ തിരിച്ചറിയും. വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തി കൃഷിതോട്ടം ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള തീരുമാനം നടപ്പിലാക്കിക്കിട്ടുന്നതിൻ പരിശ്രമിക്കുകയാണ് ജനപ്രതിനിധികൾ ചെയ്യേണ്ടത്. കോൺഗ്രസിനുള്ളിലെ ഒരുവിഭാഗം നേതാക്കൾ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഗൂഢനീക്കങ്ങളെക്കുറിച്ച് കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്നും കർഷക സംഘം നേതാക്കൾ പറഞ്ഞു.