തൊടുപുഴ: ഒരാഴ്ച കല്ലൂർക്കാട് നിന്നുള്ള കൊവിഡ് രോഗിയെത്തിയതിനെ തുടർന്ന് തൊടുപുഴയിലെ ബി.എസ്.എൻ.എൽ ആഫീസ് കസ്റ്റമർ കെയർ സെന്റർ അടച്ചു. ആഫീസിലെ മൂന്ന് വനിതാ ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇവിടെ നാല് ജീവനക്കാരാണുള്ളത്. ഇതിൽ മൂന്ന് പേരും നിരീക്ഷണത്തിൽ പോകേണ്ടി വന്നതോടെയാണ് സെന്റർ രണ്ട് ദിവസം അടച്ചിടാൻ തീരുമാനിച്ചത്. തുടർന്ന് ഇന്നലെ ബി.എസ്.എൻ.എൽ ആഫീസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി. രണ്ടാം ശനിയും ഞായറും അവധിയായതിനാൽ ഫലത്തിൽ കസ്റ്റമർ കെയർ സെന്റർ ഇനി തിങ്കളാഴ്ചയെ തുറക്കൂ. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച കല്ലൂർക്കാടുകാരൻ രണ്ടിനാണ് തൊടുപുഴയിലെത്തിയത്. ഇയാളുടെ സമ്പർക്ക പട്ടിക പരിശോധിച്ചപ്പോഴാണ് ബി.എസ്.എൻ.എൽ ആഫീസിൽ എത്തിയ വിവരം അറിഞ്ഞത്. അതേസമയം ഇയാൾ തൊടുപുഴയിൽ മറ്റെവിടെയൊക്കെ പോയി എന്നതിന് സംബന്ധിച്ച് വ്യക്തതയില്ല. ഇതിന് വേണ്ടി ആരോഗ്യവകുപ്പ് അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും രോഗി എറണാകുളം ജില്ലയിലായതിനാൽ ചില തടസങ്ങൾ നേരിടുന്നുണ്ട്.