തൊടുപുഴ: മലങ്കര ജലസേചന പദ്ധതി യുടെ ഉദ്ഘാടനംഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും. മന്ത്രിമാരായ എം.എം.മണി, വി.എസ്.സുനിൽകുമാർ എന്നിവരും വീഡിയോ കോൺഫറൻസിങ്ങിലൂടെ ചടങ്ങിൽ സംബന്ധിക്കും.
മലങ്കര ഡാമിന് സമീപം എൻട്രൻസ് പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനാവും. ഡീൻ കുര്യാക്കോസ്എം.പി, തോമസ് ചാഴികാടൻ, എം.പി, എം.എൽ.എ. മാരായ പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, എൽദോ എബ്രഹാം, ആന്റണി ജോൺ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്ബ്, കെ.സുരേഷ് കുറുപ്പ്, ഇടുക്കി , കോട്ടയം, എറണാകുളം ജില്ലാകലക്ടർമാരായ എച്ച്.ദിനേശൻ, എം. അഞ്ജന, എസ്.സുഹാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചുത്രേസ്യാ പൗലോസ്, ഡോളി കുര്യാക്കോസ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ചീഫ് എഞ്ചിനീയർ ഡി. ബിജു എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിക്കും. ജലവിഭവ സെക്രട്ടറി ഡോ.ദിനേശ് അറോറ സ്വഗതം പറയും. ചീഫ് എഞ്ചിനീയർ അലക്‌സ് വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും.
കേരളത്തിലെ മുഖ്യ ജലവൈദ്യുത നിലയമായ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉത്പാദന ശേഷം പാഴായിപ്പോകുന്ന ജലവും മറ്റ് സ്രോതസ്സുകളിൽ നിന്നുളള നീരൊഴുക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷക സമൂഹത്തിന് പ്രദാനം ചെയ്യുവാനാണ് എം.വി.ഐ.പി എന്ന പദ്ധതി 1974 ൽ വിഭാവനം ചെയ്തത്. ഇതിനായി മൂലമറ്റം പവർഹൗസിൽ നിന്നും 16.കി.മീ. മാറി തൊടുപുഴ ആറിന് കുറുകെ മലങ്കരയിൽ ഒരു അണക്കെട്ടും, 71 കി.മീ. കനാൽ ശൃംഖലയും ഉൾപ്പെടുത്തി, 20.86 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. പിൽകാലത്ത് കോട്ടയം ജില്ലകൂടി ഉൾപ്പെടുത്തി 323 കി.മീ. കനാൽ ശൃംഖലയും, 2 ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകളും ഉൾപ്പെടെ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിച്ച് 18173 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാക്കുകയും വിള വൈവിദ്ധ്യവൽക്കരണത്തിലൂടെ 35,619 ഹെക്ടർ വിളവ് സാധ്യമാക്കുകയും ചെയ്തു.
ഇതുവരെ ഈ പദ്ധതിക്ക് വേണ്ടി 1082 കോടി രൂപ ചെലവായിട്ടുണ്ട്. ജലസേചനം, കുടിവെളളം, വ്യവസായം തുടങ്ങി ഒട്ടേറെ മേഖലകളിൽ ജലലഭ്യത ഉറപ്പുവരുത്തുന്ന ഈ പദ്ധതിക്കാവശ്യമായ ജലം ലഭ്യമാക്കുന്നത് ഇടുക്കിയിലെ മലങ്കരയിൽ നിർമ്മിച്ചിട്ടുളള എർത്തേൺ കം മേസൺറി ഡാമിൽ നിന്നാണ്. ഇതിന്റെ ആകെ നീളം 460 മീറ്ററും, ഉയരം 23 മീറ്ററുമാണ്. ആറ് സ്പിൽവേ ഗേറ്റുകളുളള ഈ ഡാമിന്റെ സംഭരണശേഷി 37 മില്യൺ ക്യുബിക് മീറ്ററാണ്.