തൊടുപുഴ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുളള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം തൊടുപുഴ വിദ്യാഭ്യാസ സബ് ജില്ലയിൽ ആരംഭിച്ചു. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യുക. അരിയുൾപ്പെടെ ഒമ്പതിന ഭക്ഷ്യവിഭവങ്ങളാണ് കിറ്റുകളിൽ ഉണ്ടാവുക. സപ്‌ളൈക്കോയുടെ ഉത്തരവാദിത്വത്തിൽ തയ്യാറാക്കിയ കിറ്റ് എല്ലാ സ്‌കൂളുകളിലും നേരിട്ടെത്തിച്ച് നൽകുകയായിരുന്നു. അരിക്കുഴ ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ നടന്ന വിതരണം മണക്കാട് ഗ്രാമ പഞ്ചായത്തംഗം ശോഭന രമണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.കെ.ലതീഷ് അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ബിജു സ്‌കറിയ, നൂൺ മീൽ ഓഫീസർ പി.ജി. മനോജ്, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്.പി.എൻ, എം.പി.ടി.എ. കമ്മിറ്റിയംഗം അനുപമ അനീഷ് എന്നിവർ പ്രസംഗിച്ചു.. ജിജിമോൾ വി.കെ. സ്വാഗതവും സിസി ജോസഫ് നന്ദിയും പറഞ്ഞു.