തൊടുപുഴ: സമൂഹ അടുക്കളയിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ച് തൊടുപുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ കേസെടുക്കാത്തില്ലെന്ന് ആരോപിച്ച് സി.ഡി.എസ് അംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. കുമാരമംഗലം പഞ്ചായത്ത് ഭരണസമിതിയിലെ രണ്ടു പേരുടെ നേതൃത്വത്തിൽ സമൂഹ അടുക്കളയിൽ നടത്തിയ അഴിമതി സിഡിഎസ് അംഗങ്ങളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് ഭരണസമിതി നടത്തുന്നതെന്ന് ഇവർ ആരോപിച്ചു. അടുക്കളയിലേക്ക് സംഭാവനയായി ലഭിച്ച അരിയും മറ്റു പലവ്യഞ്ജനങ്ങളും ഭരണസമിതിയിലെ രണ്ടുപേർ ചേർന്ന് കടത്തിക്കൊണ്ടു പോയതിന് സിഡിഎസ് വൈസ് ചെയർമാനും അംഗങ്ങളും സാക്ഷികളാണ്. വ്യാജവൗച്ചറുകളും രസീതും തയാറാക്കിയും ഇവർ പണം തട്ടിയെടുത്തതായി ആരോപണമുണ്ട്. ഈ അഴിമതി സമൂഹത്തിൽ ചർച്ചയായ സാഹചര്യത്തിൽ കുറ്റം സി.ഡി.എസ് അംഗങ്ങളുടെ മേൽ ചാരാനാണ് യു.ഡി.എഫ് ഭരണസമിതിയുടെ ശ്രമം.
മാർച്ച് 28നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചത്. പഞ്ചായത്തിലെ ഹെഡ് ക്ലാർക്കിനായിരുന്നു അടുക്കളയുടെ ചുമതല. ജൂൺ 23ന് അടുക്കള അവസാനിപ്പിക്കുകയാണെന്ന് ഇദ്ദേഹം അറിയിച്ചപ്പോഴാണ് 23 ദിവസത്തെ വേതന കുടിശിക തുക ആവശ്യപ്പെട്ടത്. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് ലിൻഡ സിബിൻ മുറിയിലേക്ക് വിളിച്ചു വരുത്തി തങ്ങളെ ശകാരിക്കുകയായിരുന്നുവെന്ന് സി.ഡി.എസ് അംഗങ്ങൾ പറഞ്ഞു. വൈസ് പ്രസിഡന്റ് ബീമ അനസ്, സെക്രട്ടറി ഷെർലി, ഹെഡ് ക്ലർക്ക് രഘു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. അത്രയും നാൾ ഭക്ഷണം തയ്യാറാക്കിയ തങ്ങളെ മോഷ്ടാക്കളെന്നും മുദ്രകുത്തി. ശമ്പള കുടിശിക നൽകില്ലെന്നും കേസ് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു.