കട്ടപ്പന: കാടുകയറിയ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിന്റെ പരിസരം കട്ടപ്പന അഗ്‌നിശമന സേന 12ന് വെട്ടിത്തെളിച്ച് ശുചീകരിക്കും. 'കേരള കൗമുദി' വാർത്തയെ തുടർന്നാണ് നടപടി. പാസ്‌പോർട്ട് സേവ കേന്ദ്രം ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പാമ്പ് അടക്കമുള്ള ഇഴജന്തുക്കളെ പതിവായി കണ്ടുവന്നതോടെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ഭീതിയിലായിരുന്നു. ഞായറാഴ്ച സിവിൽ ഡിഫൻസിന്റെയും തപാൽ ജീവനക്കാരുടെയും സഹകരണത്തോടെയാണ് ശുചീകരണം. പരിസരങ്ങളിലെ കാട് വെട്ടിത്തെളിച്ച് ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. ശനിയാഴ്ച ഹെഡ്‌പോസ്റ്റ് ഓഫീസിനുള്ളിൽ നിന്നു വെള്ളിക്കെട്ടൻ പാമ്പിനെ പിടികൂടിയിരുന്നു. പ്രധാന കവാടം ഒഴികെയുള്ള ഭാഗങ്ങൾ കാടുകയറി മൂടിയ നിലയിലാണ്. പാസ്‌പോർട്ട് സേവ കേന്ദ്രത്തിലേക്കുള്ള വഴിയുടെ ഇരുവശവും കാട്ടുചെടികൾ വളർന്നുനിൽക്കുകയാണ്. 'കേരള കൗമുദി' വാർത്ത ശ്രദ്ധയിൽപെട്ട അഗ്‌നിശമന സേനാംഗങ്ങൾ ശുചീകരണത്തിനു മുൻകൈയെടുക്കുകയായിരുന്നു.