തൊടുപുഴ: ഒരു വ്യാഴവട്ടക്കാലം തരിശായിക്കിടന്ന കോലാനി പാറക്കടവിലുള്ള പാലയ്ക്കലോടി പാടം ഇനി കതിരണിയാൻ പോകുന്നു. സർക്കാരിന്റെ 'സുഭിക്ഷ കേരളം'' പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെയും തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് രണ്ടര ഏക്കർ പാടം നെൽകൃഷി ചെയ്യുന്നത്. പാടത്തിന്റെ ഉടമകളും കൃഷിക്കാരും ചേർന്ന് രൂപീകരിച്ച നെല്ലുത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ പാടത്ത് വിത്ത് വിതച്ചു. തൊടുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു നെൽവിത്ത് വിതച്ചു കൊണ്ട് കൃഷി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഹരി അദ്ധ്യക്ഷനായി. കൗൺസിലർമാരായ പി.വി. ഷിബു, നിർമ്മല ഷാജി, മുനിസിപ്പൽ കൃഷി ഓഫീസർ തോംസൺ ജോഷ്വാ എന്നിവർ പ്രസംഗിച്ചു. സംഘം പ്രസിഡന്റ് എം.ഡി. സന്തോഷ് സ്വാഗതവും സെക്രട്ടറി ടി.എം. രാജു നന്ദിയും പറഞ്ഞു. സഹകരണ ബാങ്ക് ഭരണസമിതിയംഗങ്ങളായ കെ.പി. ഹരീഷ്, മിനി സുരേഷ്, സാവിത്രി പ്രശോഭ്, സെക്രട്ടറി ജയശ്രീ സോമൻ, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. പ്രശോഭ്, കർഷക സംഘം പ്രസിഡന്റ് എം.എസ്. രാജൻ, സെക്രട്ടറി എ.എൻ. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.