മുട്ടം: സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്ലീൻ കേരള കമ്പനിയുടെ ജില്ലാ തലത്തിലുള്ള ഗോഡൗൺ മുട്ടത്ത് കാക്കൊമ്പിൽ പ്രവർത്തന സജ്ജമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഡോഡൗൺ പ്രവർത്തനം ആരംഭിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ജില്ലാ പഞ്ചായത്ത് കാക്കൊമ്പിൽ നിർമ്മിച്ച കെട്ടിടം യഥാസമയം അറ്റകുറ്റ പണികൾ നടത്താത്തതിനാൽ ജീർണ്ണാവസ്ഥയിലായിരുന്നു. എന്നാൽ ഗോഡൗൺ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിനെ തുടർന്ന് കെട്ടിടം ഉപയോഗ പ്രദമാക്കാൻ ഏതാനും ആഴ്ച്ചകളായി ദ്രുതഗതിയിൽ അറ്റകുറ്റ പണികൾ നടത്തി വരുകയാണ്. 2000 ചതുരശ്ര വിസ്തൃതിയിലുള്ളതാണ് ഗോഡൗൺ. കളക്ടർ ചെയർമാനായ ഗവേണിങ്ങ് ബോഡിയാണ് ഇതിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡുകളിലുള്ള വീടുകൾ, വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് ഹരിത കർമ്മ സേനകൾ ശേഖരിക്കുന്ന ജൈവ - അജൈവ മാലിന്യങ്ങൾ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ( എം സി എഫ് ) കേന്ദ്രത്തിലാണ് എത്തിക്കുന്നത്. ഇവിടെ നിന്ന് തരം തിരിക്കുന്ന വസ്തുക്കൾ ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആർ ആർ എഫ് ) കേന്ദ്രത്തിലേക്ക് മാറ്റും. ആർ ആർ എഫ് ൽ എത്തുന്ന വസ്തുക്കൾ പുനചംക്രമണത്തിലൂടെ പുനരുത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളാക്കി മാറ്റും. ആർ ആർ എഫ് ൽ നിന്ന് ലഭിച്ച അസംസകൃത വസ്തുക്കളാണ് റോഡ് ടാറിങ്ങിന് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതും. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആർ ആർ എഫ് ൽ നിന്ന് വ്യാവസായികമായി ഉല്പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുക്കൾ കേട് കൂടാതെയും നാശ നഷ്ടങ്ങൾ വരാതെയും ഏറെ നാൾ കരുതലായി സൂക്ഷിക്കുന്നത് മുട്ടത്ത് സജ്ജമാകുന്ന ഗോഡൗണിലാണ്. ജില്ലയിലെ വിവിധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നവിടങ്ങളിലെ ഇ - മാലിന്യങ്ങളും പുനരുത്പാദന വസ്തുക്കളായി മാറ്റുന്നതിനുള്ള സംവിധാനവും ക്ലീൻ കേരള കമ്പനിയിലൂടെ ആവിഷ്‌കരിക്കും.