തൊടുപുഴ: നെഞ്ചിടിപ്പ് ഇരട്ടിയാക്കി ഇന്നലെയും ആരോഗ്യ പ്രവർത്തകയടക്കം 20 പേർക്ക് ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചു. ബുധനാഴ്ചയും 20 പേർക്ക് രോഗം ബാധിച്ചിരുന്നു. കഞ്ഞിക്കുഴി സാമൂഹികആരോഗ്യ കേന്ദ്രത്തിലെ സാന്ത്വനപരിചരണ വിഭാഗത്തിലെ നഴ്‌സിന് (46) സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ ആശുപത്രി പൂർണമായും അടച്ചു. ഇവർക്ക് എവിടെ നിന്നാണ് സമ്പർക്കമുണ്ടായതെന്ന അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ്. ചികിത്സയിലിരുന്ന എട്ട് പേർ രോഗമുക്തരായത് നേരിയ ആശ്വാസമായി.


 ഒരു കുടുംബത്തിലെ നാല് പേർക്ക്
തമിഴ്‌നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് മൂന്നാറിലെത്തിയ കുടുംബത്തിലെ വൃദ്ധരടക്കം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. എഴുപതുകാരനായ മുത്തച്ഛൻ, മുത്തശ്ശി (60) ഇരുപതും പതിനേഴും വയസുള്ള കൊച്ചുമക്കൾ എന്നിവർക്കാണ് രോഗബാധ. ജൂൺ 28ന് ടാക്‌സിയിൽ കുമളിയിലെത്തിയ ഇവരെ ജീപ്പിൽ നയമക്കാടുള്ള എസ്റ്റേറ്റ് ക്രഷിൽ (ശിശുപരിപാലന കേന്ദ്രം) നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇവർ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.

 ഭാര്യയ്ക്കും ഭർത്താവിനും
ജൂൺ 21ന് ജയ്പൂരിൽ നിന്ന് വാത്തിക്കുടി സ്വദേശികളായ ഭർത്തവിനും(30) ഭാര്യയ്ക്കും (24) രോഗം സ്ഥിരീകരിച്ചു. ജയ്പൂരിൽ നിന്ന് ഹൈദ്രബാദ് വരെ ഒരു വിമാനത്തിലും അവിടെ നിന്ന് കൊച്ചി വരെ മറ്റൊരു വിമാനത്തിലുമാണ് വന്നത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതുകൂടാതെ പാറ്റ്‌നയിൽ നിന്ന് ജൂൺ 23ന് എത്തിയ വാഴത്തോപ്പ് സ്വദേശിയായ പതിനാലുകാരനും അന്ന് തന്നെ ദുബായിൽ നിന്ന് തിരുവനന്തപുരം വിമനത്താവളത്തിലെത്തിയ മണിയാറൻകുടി സ്വദേശിക്കും (39) രോഗം സ്ഥിരീകരിച്ചു.

മറ്റ് രോഗബാധിതർ
 കുവൈറ്റിൽ നിന്ന് ജൂൺ 19ന് വന്ന അടിമാലി സ്വദേശിനി(53). കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇവർ അടിമാലി വരെ ടാക്‌സിയിൽ വന്ന് കൊവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു.
 ദുബയിൽ നിന്ന് ജൂൺ 26ന് വന്ന അടിമാലി സ്വദേശി (29).
 ഷാർജയിൽ നിന്ന് ജൂൺ 21ന് വന്ന ഇരട്ടയാർ സ്വദേശി (35).
 റാസൽഖൈമയിൽ നിന്ന് ജൂൺ 30ന് എത്തിയ കാമാക്ഷി സ്വദേശി (41).
 ഷാർജയിൽ നിന്ന് ജൂൺ 26ന് വന്ന കട്ടപ്പന സ്വദേശി (32)
 കുവൈറ്റിൽ നിന്ന് ജൂൺ 27ന് വന്ന കാഞ്ചിയാർ സ്വദേശി (38)
 റാസൽഖൈമയിൽ നിന്ന് ജൂലായ് നാലിന് വന്ന കഞ്ഞിക്കുഴി സ്വദേശിനി (40)
 മധുരയിൽ നിന്ന് ജൂൺ 25ന് എത്തിയ പാമ്പാടുംപാറ സ്വദേശിനി (20)
 ഹൈദ്രബാദിൽ നിന്ന് ജൂൺ 27ന് സ്വന്തം കാറിൽ വന്ന വാത്തിക്കുടി സ്വദേശിനി(36). കുടുംബാംഗങ്ങളും കൂടെയുണ്ടായിരുന്നു.
 ഉപ്പുതറ സ്വദേശികളായ രണ്ട് യുവാക്കൾ(21, 22). ഹൈദ്രബാദിൽ നിന്ന് എറണാകുളം വരെ ബസിലാണ് വന്നത്. ജൂലായ് മൂന്നിന് നാട്ടിലെത്തി. തുടർന്ന് ടാക്‌സിയിൽ വീട്ടിലെത്തി. മറ്റൊരു കൂട്ടുകാരനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
രോഗമുക്തരായി
 ഡൽഹിയിൽ നിന്ന് മെയ് 22ന് എത്തിയ കാമാക്ഷി സ്വദേശികളായ മുപ്പതുകാരിയുടെയും ഭർതൃമാതാവിന്റെയും(58) രോഗം ഭേദമായി. കൊവിഡ് ബാധിതയായിരുന്നപ്പോൾ യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. യുവതിക്ക് ജൂൺ ഒന്നിനും ഭർതൃമാതാവിന് മൂന്നിനുമാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുടെ ഭർത്താവിന്റെ രോഗം നേരത്തേ ഭേദമായിരുന്നു.
 കുവൈറ്റിൽ നിന്നെത്തി ജൂൺ 24ന് രോഗബാധിതരായ കരുണാപുരം സ്വദേശികളായ യുവാക്കൾ. ഇരുവർക്കും 35 വയസുണ്ട്.
 ഡൽഹിയിൽ നിന്നെത്തി ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിനി (27)
 ചെന്നൈയിൽ നിന്നെത്തി ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിനി (44)
 ഇറ്റലിയിൽ നിന്നെത്തി ജൂൺ 28ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (21)
 യു.എ.ഇയിൽ നിന്നെത്തി ജൂൺ 28ന് രോഗം സ്ഥിരീകരിച്ച ഉടുമ്പഞ്ചോല സ്വദേശി (28)