കട്ടപ്പന: ഓൺലൈൻ പഠന സൗകര്യമില്ലാത്ത മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപിക ലിൻസി ജോർജ്ജ് സമാഹരിച്ച 50 ടെലിവിഷനുകൾ റോഷി അഗസ്റ്റിൻ എം.എൽ.എ കുട്ടികൾക്കു കൈമാറി. ടെലിവിഷനോ സ്മാർട് ഫോണോ ഇല്ലാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ശ്രദ്ധയിൽപെട്ട ടീച്ചർ സുഹൃത്തുക്കളുടെയും നവമാദ്ധ്യമങ്ങളുടെയും സഹായത്തോടെയാണ് ടെലിവിഷനുകൾ ശേഖരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ ജോലി ചെയ്യുന്ന കുട്ടിക്കാനം മരിയൻ കോളേജിലെ എക്സ്‌റ്റെൻഷൻ ഡിപ്പാർട്ടുമെന്റിന്റെ സഹകരണം കൂടെ ലഭിച്ചപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് മുഴുവൻ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കാനായി. ക്ലാസ് ടീച്ചർമാരടേയും പി.ടി.എ യുടെയും സഹകരണത്തോടെയാണ് സ്‌കൂളിലെ അർഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞയാഴ്ച ടാബ് കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എഡ്യൂ ഹെൽപ് പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.ആർ ശശി, സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ റസാഖ്, ഹെഡ്മാസ്റ്റർ ശിവകുമാർ, പി.ടി.എ പ്രസിഡന്റ് സുകുമാരൻ നായർ, പഞ്ചായത്തംഗം തങ്കമണി സരേന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സരേഷ് കുമാർ എന്നിവർ പങ്കെടുത്തു.