 ഒരു മണിക്കൂർ ഓൺലൈൻ ക്ലാസിനും ഫീസ് ആയിരങ്ങൾ

തൊടുപുഴ: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സ്‌കൂളുകൾ ഒന്നും തുറന്നിട്ടില്ലെങ്കിലും വിദ്യാർത്ഥികളെ പിഴിഞ്ഞ് ഫീസ് വാങ്ങുന്നതിൽ ഒരു കുറവുമില്ല. കേവലം ഒരു മണിക്കൂർ ഓൺലൈൻ ക്ലാസിന് അൺഎയ്ഡഡ് സ്കൂളുകൾ വാങ്ങുന്ന ഫീസ് കേട്ടാൽ ഞെട്ടും. ഒരു ടേമിലേക്ക് മാത്രമായി നാലായിരം മുതൽ 7000 രൂപ വരെയാണ് ഈടാക്കുന്നത്. ഉയർന്ന ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ മൊബൈൽഫോണുകളിലേക്ക് സന്ദേശം എത്തിയതോടെ തൊടുപുഴ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂൾ അധികൃതർക്കെതിരെ രക്ഷിതാക്കൾ വാട്‌സ് ആപ്പ് കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങി. ആദ്യമൊന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന സ്‌കൂൾ അധികൃതർ ഒടുവിൽ രക്ഷിതാക്കളുടെ ഒത്തൊരുമയ്ക്ക് മുന്നിൽ മുട്ടുമടക്കി. ഫീസ് കുറയ്ക്കാൻ തയ്യാറാണെന്നും സ്‌കൂൾ മാനേജുമെന്റുമായി സംസാരിച്ച് അനുകൂല നിലപാട് അറിയിക്കാമെന്നും വ്യക്തമാക്കി.
നിലവിൽ ക്ലാസുകൾ നടക്കാത്തതിനാൽ ട്യൂഷൻ ഫീസ് മാത്രമേ നൽകാൻ കഴിയൂവെന്നാണ് രക്ഷിതാക്കളുടെ നിലപാട്. എന്നാൽ, സ്‌കൂൾ നടത്തിപ്പിന് ഈ തുക മതിയാകില്ലെന്ന വാദമാണ് സ്‌കൂൾ അധികൃതർ ഉയർത്തുന്നത്. സ്‌കൂളിൽ നിന്ന് പാഠപുസ്തകങ്ങൾക്ക് പുറമെ അമിത വില ഈടാക്കി നോട്ട്ബുക്കുകൾ വിതരണം ചെയ്യുന്നതായും പരാതിയുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഉയർന്ന ഫീസ് ഈടാക്കുന്നത് പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്ന് മനസിലാക്കിയ ചില സ്‌കൂളുകൾ മുൻകൂട്ടി ഫീസിൽ നാമമാത്ര കുറവ് വരുത്തി രക്ഷിതാക്കളെ വരുതിയിലാക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ രക്ഷിതാക്കൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്‌.

അദ്ധ്യാപകർക്ക് കഞ്ഞി കുമ്പിളിൽ തന്നെ

വിദ്യാർത്ഥികളിൽ നിന്ന് മുന്തിയ ഫീസ് ഈടാകുന്നതിന്റെ ഒരു വിഹിതം പോലും

മിക്ക സ്കൂളുകളിലും അദ്ധ്യാപകർക്ക് നൽകുന്നില്ല. ചില സ്‌കൂളുകളിൽ അദ്ധ്യാപകർക്ക് രണ്ടുമാസമായി പകുതി ശമ്പളമാണ് നൽകുന്നതെന്ന ആക്ഷേപമുണ്ട്. അദ്ധ്യാപകർക്ക് ന്യായമായ വേതനം നൽകാനാണെന്ന് പറഞ്ഞാണ് രക്ഷിതാക്കളിൽ നിന്ന് ഉയർന്ന ഫീസ് ഈടാക്കുന്നത്.