വീഴ്ച പുറത്തായത് ആരോഗ്യ പ്രവർത്തകൻ ബാധിതനായപ്പോൾ

കട്ടപ്പന: കൊവിഡ് ബാധിതരെയും മറ്റു അത്യാഹിതങ്ങളിൽ പെട്ടവരെയും കൊണ്ടുപോകുന്നത് ഒരേആംബുലൻസുകളിൽ. ജില്ലയിലെ 108 ആമ്പുലൻസുകളിലാണ് രോഗ വ്യാപനത്തിനു കാരണമാകുന്ന തരത്തിൽ ഗുരുതരമായ വീഴ്ച ഇപ്പോഴും തുടരുന്നത്. കഴിഞ്ഞദിവസം കട്ടപ്പനയിലെ ആംബുലൻസിലെ ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചതോടെയാണ് അധികൃതരുടെ വീഴ്ച പുറത്താകുന്നത്. കോകൊവിഡ് ബാധിതരെയും രോഗം സംശയിക്കുന്നവരെയും മറ്റു അത്യാഹിതങ്ങളിൽ പെട്ടവരെയും ഒരേ ആംബുലൻസുകളിലാണ് ക്വാറന്റിൻ സെന്ററുകളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്നത്. കോട്ടയം അടക്കമുള്ള മറ്റു ജില്ലകളിൽ കോവിഡ് കേസുകൾക്കു മാത്രമായി പ്രത്യേകം 108 ആമ്പുലൻസുകൾ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ ഇടുക്കിയിൽ മാത്രം എല്ലാ കേസുകൾക്കും ഒരേ വാഹനം ഉപയോഗിച്ചുവരുന്നത്. കൊവിഡ് കേസുകൾക്കു മാത്രമായി ആംബുലൻസ് ക്രമീകരിക്കാത്തത്, ഇതേ വാഹനങ്ങളിൽ കൊണ്ടുപോകുന്ന മറ്റു അത്യാഹിതങ്ങളിൽപെട്ടവരിലേക്കു രോഗം വ്യാപിക്കുന്നതിനു കാരണമാകും.
കൊവിഡ് ബാധിതരായവരെ ക്വാറന്റിൻ സെന്ററിൽ എത്തിച്ച് തിരികെയെത്തി 20 മിനിറ്റുകൊണ്ട് വാഹനം ശുചീകരിച്ച് അടുത്തയാത്രയ്ക്ക് തയാറെടുക്കണമെന്നാണ് ജില്ലാ പ്രോഗ്രാം മാനേജർ ആമ്പുലൻസ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദേശം. മറ്റു ജില്ലകളിൽആംബുലൻസ് ശുചീകരിക്കാൻ പ്രത്യേകം ആളുകളെ നിയമിച്ചിട്ടുണ്ട്. ഇടുക്കിയിൽ ജീവനക്കാർ തന്നെയാണ് ശുചീകരണം. രോഗം സംശയിക്കപ്പെടുന്നവരെയും ഇതേ ആംബുലൻസുകളിലാണ് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത്. രണ്ടുദിവസത്തിനുശേഷം പരിശോധന ഫലം പോസിറ്റീവാണെങ്കിൽ ആമ്പുലൻസ് ജീവനക്കാരും ഇവർ അടുത്തിടപഴകിയവരുമടക്കം നിരീക്ഷണത്തിൽ പോകേണ്ടിവരും. കൂടാതെ പി.പി.ഇ. കിറ്റുകളോ മുഖാവരണങ്ങളോ ഇവർക്ക് അവശ്യാനുസരണം ലഭിക്കുന്നില്ല. നിലവിൽ ത്രിലെയർ മുഖാവരണങ്ങൾ മാത്രമേ ജീവനക്കാർക്ക് ലഭ്യമാക്കുന്നുള്ളൂ.

സഹപ്രവർത്തകർ

നിരീക്ഷണത്തിൽ

കട്ടപ്പനയിലെ 108 ആമ്പുലൻസിലെ ഇ.ആർ.ടി. സ്റ്റാഫ് നഴ്‌സിനാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവും മറ്റു ആംബുലൻസുകളിലെ ജീവനക്കാരും ഒരുമിച്ചാണ് വെള്ളയാംകുടിയിലെ മുറിയിൽ താമസിച്ചിരുന്നത്. സഹപ്രവർത്തകർ ഇപ്പോൾ നിരീക്ഷണത്തിലാണ്.