മുട്ടം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മുട്ടത്ത് വ്യാപാര സ്ഥാപനങ്ങളിൽ തഹസീൽദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. ഇന്നലെ രാവിലെ 11 ന് ആരംഭിച്ച പരിശോധന ഉച്ചകഴിഞ്ഞ് 2 നാണ്‌ അവസാനിച്ചത്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന മിക്ക ആളുകളും സ്ഥാപന ഉടമകളുംകൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായിട്ടുള്ള മാസ്ക്ക് ഉപയോഗിക്കുന്നില്ല സാമൂഹ്യ അകലം പാലിക്കുന്നില്ല എന്ന കാര്യങ്ങൾ പരിശോധനയിൽ സംഘം കണ്ടെത്തി. കൂടാതെ ചില വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസർ, കൈകൾ ശുദ്ധീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല എന്നതും പരിശോധനയിൽ കണ്ടെത്തി. കോവിഡ് വ്യാപന നിയന്ത്രണങ്ങൾ അടിയന്തിരമായി ഏർപ്പെടുത്താത്ത സ്ഥാപനങ്ങളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അടുത്ത ദിവസങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.