തൊടുപുഴ: മലങ്കര ടൂറിസം പദ്ധതിയ്ക്ക് 182 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി ഇതിന് അംഗീകാരം നേടി എടുക്കേണ്ടതുണ്ട്. മലങ്കര ജലാശയത്തിനു സമീപം ആകർഷകമായ പൂന്തോട്ടം, ബോട്ടിംഗ്, കോൺഫറൻസ് ഹാൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഈ പദ്ധതി സഹായകമാകും. ടൂറിസം രംഗത്ത് വലിയൊരു കുതിച്ചു ചാട്ടം നടത്താൻ ഇതുപകരിക്കും. പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. മലങ്കരയിൽ നടന്ന എം.വി.ഐ.പി പദ്ധതി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.