തൊടുപുഴ: തർക്കം നില നിന്നിരുന്ന മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളിയിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. യാക്കോബായ വിഭാഗത്തോട് പള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ജില്ലാ ഭരണ കുടം നിർദേശിച്ചിരുന്നു. യാക്കോബായ വിശ്വാസികൾ ഇന്നലെ രാവിലെ എട്ടിന് പള്ളിയിൽ പ്രവേശിച്ച് ഫാ. തമ്പി മാറാടിയിലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി. രാവിലെ പത്തോടെ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തി. ഇതോടെ യാക്കോബായ വിഭാഗം പള്ളിയിൽ നിന്ന് പുറത്തു പോയി. പള്ളി ഇവർ പൂട്ടുകയും ചെയ്തു. എന്നാൽ താക്കോൽ കൈമാറിയില്ല. താക്കോൽ കൈമാറാത്തതിനെ തുടർന്ന് ആർ.ഡി.ഒ അതുൽ എസ്. നാഥ് ഫയർഫോഴ്‌സ് സംഘത്തെ വിളിച്ചു വരുത്തി പൂട്ട് പൊളിച്ച് ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയ്ക്കുള്ളിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഫാ. ജിതിൻ ജോർജ് പർനാലിന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രാർത്ഥന നടത്തി. നാളെ പള്ളിയിൽ ഓർത്തഡോക്‌സ് വൈദികൻ കുർബാന അർപ്പിക്കും. വിശ്വാസികൾക്ക് സാമൂഹിക അകലം പാലിച്ച് ശുശ്രൂഷകളിൽ പങ്കെടുക്കാമെന്ന് ആർ.ഡി.ഒ അറിയിച്ചു. സംഘർഷ സാധ്യത മുൻ നിറുത്തി ഡിവൈ.എസ്.പി പയസ് ജോർജ്, കാളിയാർ സി.ഐ ബി. പങ്കജാക്ഷൻ, എസ്.‌ഐ വി.സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പള്ളിയുടെ പരിധിയിൽ ആകെയുള്ള 185 കുടുംബങ്ങളിൽ വളരെ കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഓർത്തഡോക് വിഭാഗത്തിന് ഉള്ളതെന്ന് യാക്കോബായ വിഭാഗം പ്രതിനിധികൾ പറഞ്ഞു. പതിറ്റാണ്ടുകളായി തങ്ങൾ ആരാധന നടത്തുന്ന പള്ളി കൈയേറുന്നത് നീതിക്ക് ചേർന്നതല്ലെന്നും കൊവിഡ് കാലത്ത് ആൾക്കൂട്ടം ഒഴിവാക്കണമെന്ന പഞ്ചായത്ത് തീരുമാനം പാലിക്കാതെ പള്ളി കൈയേറാൻ ഓർത്തഡോക്‌സ് വിഭാഗത്തിന് ജില്ലാ ഭരണകൂടം കൂട്ടു നിന്നതായും യാക്കോബായ വിഭാഗം ആരോപിച്ചു. എന്നാൽ ഇടവകയിൽ കൂടുതൽ ആളുകളും തങ്ങൾക്കൊപ്പമാണെന്നും ഇന്നും നാളെയും പള്ളിയിൽ കുർബാന ഉണ്ടാകുമെന്നും ഓർത്തഡോക്‌സ വിഭാഗം ട്രസ്റ്റി ജോർജ് പൗലോസ് പറഞ്ഞു.