ഇടുക്കി: അതിർത്തിയിലെ പാസ് നിയന്ത്രണം ഒഴിവാക്കിയതോടെ ഇടുക്കിയിൽ കൊവിഡ് കേസുകളിൽ വൻവർദ്ധന. നാല് ദിവസത്തിനിടെ 57 പേർക്കാണ് ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായി ഏർപ്പെടുത്തിയിരുന്ന പാസ് ഒഴിവാക്കിയതോടെ ആയിരത്തിനടുത്ത് ആളുകളാണ് ഓരോ ദിവസവും അതിർത്തി കടന്നെത്തുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിൽ നിന്നടക്കം കൂടുതൽ പേർ എത്തുന്നത് ഇടുക്കിയെ ആശങ്കയിലാക്കിയിട്ടുണ്ട്. അപേക്ഷിക്കുന്ന ആർക്കും പാസിന് കാത്തു നിൽക്കാതെ അതിർത്തി കടന്നെത്താം എന്നായതോടെയാണ് ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത്. അതിർത്തി കടന്നെത്തുന്നവർക്ക് സുരക്ഷിത നിരീക്ഷണ സൗകര്യങ്ങളില്ലാത്തതും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് ജാഗ്രത വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തവരെയാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അതിർത്തി കടത്തി വിടുന്നത്. വീടുകളിൽ നിരീക്ഷണ സൗകര്യം ഇല്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആരോഗ്യ വകുപ്പ് ഓരോ താലൂക്കുകളിലും ഓരോ കൊവിഡ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ താമസത്തിന് ഈടാക്കുന്ന തുക ജില്ലാ ഭരണകൂടമാണ് നിശ്ചയിക്കുന്നത്. എന്നാൽ അതിർത്തി മേഖലയിലെ പഞ്ചായത്തുകളിലും കൊവിഡ് കെയർ സെന്ററുകൾ ഇല്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ് വിവരം. അതേ സമയം ജില്ലയിൽ നാല് ദിവസങ്ങളായി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം പാസ് നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്ന് ചെക്‌പോസ്റ്റ് വഴി അതിർത്തി കടന്നെത്തിയവരുടെ എണ്ണം കൂടുന്നതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ. സമാന്തര പാതകൾ വഴിയുള്ള കടന്നുകയറ്റവും വർദ്ധിച്ചിട്ടുണ്ട്. അതിർത്തിയിലെ വനമേഖലകളിൽ മുമ്പുണ്ടായിരുന്ന നിരീക്ഷണം ഇപ്പോഴില്ല. കൂടാതെ ഏലത്തോട്ടത്തിലേക്കു തൊഴിലാളികളെ എത്തിക്കാൻ ചില സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന് അതൃപ്തി

കട്ടപ്പന: അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് ഒഴിവാക്കിയതിൽ ആരോഗ്യ വകുപ്പിന് അതൃപ്തി. അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർദ്ധിച്ചത് രോഗവ്യാപന തോത് കൂടാൻ കാരണമാകുമെന്ന് ഡി.എം.ഒ എൻ. പ്രിയ പറഞ്ഞു. ആളുകളുടെ കടന്നുവരവ് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സെന്റിനൽ സർവൈലൻസിൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കജനകമാണ്. ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുമ്പോൾ ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാകാൻ കാരണമാകും. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ വോട്ടവകാശമുള്ള തമിഴ് വംശജരെ നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിക്കുന്നതായും വിവരമുണ്ട്. തേനി ജില്ലയിൽ രോഗവ്യാപനം ഗുരുതരമായി തുടരുമ്പോൾ അതിർത്തി വഴി കൂടുതൽ ആളുകൾ ജില്ലയിൽ എത്തുന്നത് സ്ഥിതി വഷളാക്കും.