തൊടുപുഴ: ജലവിഭവ മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ്, കെ എസ് യു നേതാക്കൾക്ക് എതിരെ മുട്ടം പൊലീസ് കേസ് എടുത്തു. നിർമ്മാണം പൂർത്തീകരിച്ച മലങ്കര ജലസേചന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി വാഹനത്തിൽ തിരികെ പോകവെയാണ് കരിങ്കൊടി കാണിക്കാൻ ശ്രമം നടന്നത്. അനധികൃത സ്വർണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം നടന്നത്. മന്ത്രി എത്തിയ വിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രവർത്തകർ ഉദ്‌ഘാടന വേദിക്ക് സമീപത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. എന്നാൽ ഉദ്ഘാടനത്തിന് ശേഷം പ്രതിഷേധക്കാർ അറിയാതെ തൊടുപുഴ ഡി വൈ എസ് പി സജീവ് കെ കെ യുടെ നേതൃത്വത്തിലുള്ള പൊലീസ് മന്ത്രിയെ മറ്റൊരു വഴിക്ക് സുരക്ഷിതമായി കടത്തി വിട്ടു. ഇതറിഞ്ഞ പ്രതിഷേധക്കാർ വാഹനങ്ങളിൽ അവിടേക്ക് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഇതേ തുടർന്ന് ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി മുട്ടം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അക്ബർ ടി എൽ, ആരിഫ് കരീം, ജില്ലാ സെക്രട്ടറി എബി മുണ്ടക്കൽ, കെ എസ് യു സംസ്ഥാന സെക്രട്ടറി ജോബി സി ജോയി എന്നിവരെ അറസ്റ്റ് മുട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി കേസ് എടുക്കുകയും യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാന്റെ പേരിൽ കേസ് എടുക്കുകയും ചെയ്തു.