മൂലമറ്രം പവർഹൗസിലെ ഉത്പാദനം 1ലക്ഷം മില്യൺ യൂണിറ്റെത്തി
തൊടുപുഴ: മൂലമറ്റം പവർ ഹൗസിലെ വൈദ്യുതോത്പാദനം ഇന്നലെ പതിനായിരം കോടി യൂണിറ്റിലെത്തിയതോടെ ഇടുക്കി ജലവൈദ്യുതി പദ്ധതി ചരിത്രത്തിന്റെ ഭാഗമായി. രാജ്യത്ത് ആദ്യമായാണ് ഒരു ജല വൈദ്യുതി നിലയത്തിൽ നിന്ന് ഇത്രയും ഉത്പാദനം നടക്കുന്നത്. നവീകരണത്തിലായിരുന്ന ഒന്നാം നമ്പർ ജനറേറ്ററും കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിപ്പിച്ച് തുടങ്ങി. എന്നാൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാലും മഴയില്ലാത്തതും കാരണം ഉത്പാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. 1976 ഫെബ്രുവരി 12ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യാ- കാനഡ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കുറവൻകുറത്തി മലകൾക്കിടയിൽ 500 അടിയിലേറെ ഉയരത്തിൽ പണിത ആർച്ച് ഡാമിന് പിന്നിൽ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റർ വെള്ളം, പാറ തുരന്നുണ്ടാക്കിയ ഭൂഗർഭ പവർഹൗസിൽ എത്തിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ആവിഷ്‌ക്കരിച്ചത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് പദ്ധതിയിലുള്ളത്. രണ്ട് ഘട്ടങ്ങളായാണ് ജനറേറ്ററുകൾ സ്ഥാപിച്ചത്. 220 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇത്തരം ഒരു പദ്ധതി ഇപ്പോൾ പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് 3000 കോടി രൂപ വേണ്ടി വരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇടുക്കിയിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ ഇപ്പോൾ ചെലവ് യൂണിറ്റിന് 25 പൈസയാണ്.
മൂലമറ്റം പവർഹൗസിൽ നടന്ന ലളിതമായ ആഘോഷ ചടങ്ങ് മന്ത്രി എം.എം. മണി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. അണക്കെട്ടുകളും വൈദ്യുതി നിലയവും നിർമിക്കവെ രക്തസാക്ഷികളായവരേയും മറ്റ് തൊഴിലാളികളേയും ചടങ്ങിൽ സ്മരിച്ചു. കെ.എസ്.ഇ.ബി. ചെയർമാനും മേനനേജിങ് ഡയറക്ടറുമായ എൻ.എസ്.പിള്ള അദ്ധ്യക്ഷനായി.
കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടർ ഡോ.ശിവദാസൻ മന്ത്രിക്കൊപ്പം വീഡിയോ കോൺഫറൻസിൽ ചേർന്നു. ഡയറക്ടർമാരായ പി.കുമാരൻ, ബിപിൻ ജോസഫ്, ആർ.സുകു, പി.രാജൻ, ചീഫ് എൻജിനീയർ സിജി ജോസ് എന്നിവർ പങ്കെടുത്തു.
ചരിത്രത്തിന്റെ ഭാഗമായി കൊലുമ്പൻ...
1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതാണ് ചരിത്രത്തിന്റെ ഭാഗമായ നിർമ്മിതിയിലേക്കുള്ള ആദ്യപടി തുറന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന വനവാസിയെ അദ്ദേഹം കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പനാണ് കുറവൻ കുറത്തി മലയിടുക്കിലൂടെ ആരെയും ആകർഷിച്ചുകൊണ്ട് പെരിയാർ ഒഴുകുന്നത് കാണിച്ച് കൊടുക്കുന്നത്. ഇവിടെ അണകെട്ടിയാൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിന് തോന്നി. ജോണിന്റെ സഹോദരന്മായ എഞ്ചിനീയർമാരുടെ സഹായത്തോടെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇത് തിരുവിതാംകൂർ സർക്കാർ തള്ളി. പിന്നീട് ഇറ്റലി സ്വദേശികളും ഈ ആശയവുമായി എത്തി. അവസാനം 1961 ലാണ് കേന്ദ്ര ജലവൈദ്യുത വകുപ്പിന് വേണ്ടി ഇവിടെ പഠനം നടത്തി അണക്കെട്ടിന്റെ രൂപരേഖ തയ്യാറാക്കുന്നത്. 1963ൽ ഇതിന് അംഗീകാരം കിട്ടി, കനേഡയൻ സർക്കാർ സഹായം കൂടി നൽകിയതോടെ പദ്ധതിയുടെ നടത്തിപ്പ് കെ.എസ്.ഇ.ബി ഏറ്റെടുക്കുകയായിരുന്നു.