തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 14ന് നടത്തുമെന്ന് സ്വാഗതസംഘം ചെയർമാൻ റോഷി അഗസ്റ്ര്യൻ എം.എൽ.എയും ജില്ലാ കളക്ടർ എച്ച്. ദിനേശനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡയാലിസിസ് യൂണിറ്റ്, കോവിഡ്19 പരിശോധനയ്ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രൂനാറ്റ് ലാബ്, ആർടിപിസിആർ ലാബ്, ബ്ലഡ് സെന്റർ, പുതിയ ബ്ലോക്കിലേയ്ക്കുളള റോഡ്, കോവിഡ് ഐസിയു, ജനറൽ ഐ സി യു, ഓപ്പറേഷൻ തീയേറ്റർ, കോവിഡ് ലേബർ റൂം, ചുറ്റുമതിൽ, കാത്തിരുപ്പ് കേന്ദ്രം, മോർച്ചറി നവീകരണാരംഭം തുടങ്ങി വിവിധപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിൽ മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ആശുപത്രി കാന്റീനിന്റെ ശിലാസ്ഥാപനം നിർവഹിക്കും. എം.പി ഫണ്ട് ഒരു കോടി 15 ലക്ഷത്തിൽ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കാന്റീൻ നിർമ്മിക്കുന്നത്. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ റോഷി അഗസ്റ്റ്യൻ എം.എൽ.എ, മറ്റ് എം.എൽ.എമാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ കളക്ടർ എച്ച്.ദിനേശൻ, കൺവീനറും മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ ഡോ. ഡി. രവികുമാർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സെലിൻ വി.എം തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, എ.ഡി.എം ആന്റണി സ്‌കറിയ, ആശുപത്രി വികസനസമിതിയംഗം സി.വി. വർഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജർ ഡോ. സുജിത് സുകുമാരൻ, ആശുപത്രി ആർ.എം.ഒ ഡോ. എസ്. അരുൺ, പി.ആർ.ഡി അസി. എഡിറ്റർ എൻ.ബി. ബിജു എന്നിവർ പങ്കെടുത്തു.