ചെറുതോണി: റീബിൽഡ് കേരളയിൽ ജില്ലാ ആസ്ഥാനത്തെ അഞ്ച് പഞ്ചായത്തുകൾക്കായി 13.5 കോടി രൂപ അനുവദിച്ചു. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടർന്ന് വർക്കുകൾ ടെണ്ടർ ചെയ്തു. കഴിഞ്ഞ രണ്ടു പ്രളയത്തിലും തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിനാണ് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഫണ്ട് കിട്ടിയത് കഞ്ഞിക്കുഴി പഞ്ചായത്തിലാണ്. 41 റോഡുകൾക്കായി 5 കോടി 34 ലക്ഷം രൂപയാണ് അനുവദിച്ചത്. മരിയാപുരം പഞ്ചായത്തിലെ വിമലഗിരി ഏണിക്കുത്ത് റോഡിന് രണ്ട് കോടി 15 ലക്ഷം രൂപ അനുവദിച്ചു. പ്രളയത്തിൽ തകർന്ന റോഡാണ് സർക്കാർ ഏറ്റെടുത്ത് പുനർ നിർമ്മിക്കുന്നത്. കാമാക്ഷി പഞ്ചായത്തിലെ നാല് റോഡുകൾക്ക് 80 ലക്ഷം രൂപയാണ് അനുവദിച്ചത്. വാത്തിക്കുടി പഞ്ചായത്തിന് മൂന്ന് കോടി 48 ലക്ഷം രൂപയാണ് റീബിൽഡ് കേരളയിൽ നൽകിയിട്ടുള്ളത്. വാഴത്തോപ്പ് പഞ്ചായത്തിന് 1.70 കോടി രൂപയും നൽകി. വാഴത്തോപ്പിലെ 10 റോഡുകളുടെ പുനർനിർമ്മാണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. പ്രളയ ബാധിതമായ ഇടുക്കി മേഖലയുടെ പുനരുദ്ധാണത്തിന് തികച്ചും പ്രതിബദ്ധയോടെയാണ് സർക്കാർ പ്രവർത്തിച്ചത്. പഞ്ചായത്തുകളിൽ നിന്ന് ലിസ്റ്റുകൾ ശേഖരിച്ച് കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി. വർഗീസിന്റെ നേതൃത്വത്തിൽ മന്ത്രി എം.എം. മണിയുടെയും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെയും ഇടപെടലിലാണ് തുക അനുവദിച്ചത്.