വെള്ളിയാമറ്റം: കാലവർഷത്തിൽ തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകുന്ന കിഴക്കുംമലയാറിലെ തകർന്ന തടിപ്പാലത്തിനു പകരം പുതിയ പാലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. വെള്ളിയാമറ്റം പഞ്ചായത്തിൽ കിഴക്കേമേത്തൊട്ടി കിഴക്കുംമല ദേവീക്ഷേത്രം റോഡിലെ പാലം പണി പൂർത്തിയായതാണ് നാട്ടുകാർക്ക് ആശ്വാസമായത്. പി.ജെ. ജോസഫ് എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 29.5 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിന്നാക്ക വികസന ഫണ്ടിലെ 11 ലക്ഷം രൂപ ഉപയോഗിച്ച് ഇവിടേക്കുള്ള അപ്രോച്ച്‌ റോഡിന്റെ നിർമാണവും പൂർത്തിയാക്കി. ഇതോടെ നൂറിലധികം വീടുകളുള്ള ആദിവാസി മേഖലയിൽ ഉറപ്പുള്ള പാലവും റോഡുമാണ് യാഥാർത്ഥ്യമായത്. പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് വഴി മലവെള്ളത്തെ ഭയക്കാതെ കുട്ടികളടക്കമുള്ള നാട്ടുകാർക്ക് മറുകരയെത്താൻ കഴിയും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയുടെ സാന്നിധ്യത്തിൽ പി.ജെ. ജോസഫ് എം.എൽ.എ പാലം ജനങ്ങൾക്ക് തുറന്നു നൽകി. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സോമി അഗസ്റ്റിൻ, ഗൗരി സുകുമാരൻ, എം. മോനിച്ചൻ, അക്കാമ്മ മാത്യു, ടെസിമോൾ മാത്യു,മോഹൻദാസ് പുതുശേരി, ലളിതമ്മ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.