ഇടുക്കി: ആധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത പെരുവന്താനം പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ഉദ്ഘാടനം മന്ത്രി എം.എം. മണി വീഡിയോകോൺഫറൻസിലൂടെ നിർവഹിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുടുംബാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് അവസരമൊരുങ്ങിയത്. പെരുവന്താനം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, മെഡിക്കൽ ഓഫീസർ ഡോ. ജിക്കുമോൻ. ആർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പെരുവന്താനം പഞ്ചായത്തിന്റെ വികസനരേഖാ പ്രകാശനം ചെയ്തു. പരിമിതമായ സൗകര്യത്തിലായിരുന്നു മുമ്പ് പെരുവന്താനം പഞ്ചായത്ത് ആഫീസ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ഉൾപ്പെടെ വെവ്വേറെ ക്യാബിനുകളും ഫ്രണ്ട് ഓഫീസ് സംവിധാനവുമെല്ലാം പുതിയ പഞ്ചായത്ത് ആഫീസ് കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മികച്ച നിലവാരം പുലർത്തുന്ന പരിശോധന ഉപകരണങ്ങൾ അടങ്ങുന്ന ലാബും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.