കട്ടപ്പന: കൊവിഡ് ബാധിച്ചെന്ന വ്യാജ പ്രചരണത്തിൽ വലഞ്ഞ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. കട്ടപ്പന കാഞ്ചിയാർ പൊടിപാറ ജോമോനും കുടുംബാംഗങ്ങളുമാണ് പൊലീസിൽ പരാതി നൽകാനൊരുങ്ങുന്നത്. ജോമോന്റെ സഹോദരിക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ചിലർ വ്യാജപ്രചരണം നടത്തിയത്. കുവൈറ്റിൽ നിന്നെത്തിയ സഹോദരി ഭർത്താവിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമില്ലെങ്കിലും ജോമോനും കുടുംബാംഗങ്ങളും സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം പനി ബാധിച്ച ജോമോന്റെ ഭാര്യയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇന്നലെ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. ഇതിനിടെയാണ് സഹോദരിക്ക് രോഗം സ്ഥിരീകരിച്ചെന്നും ഇവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഇതിനുപിന്നാലെ ഫോൺ വിളികളും എത്തിയതോടെ കുടുംബാംഗങ്ങൾ വലഞ്ഞു. ഒടുവിൽ കാര്യങ്ങൾ വിശദീകരിച്ച് ജോമോൻ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് ഫോൺ വിളികൾ അവസാനിച്ചത്. 'നമ്മുടെ പോരാട്ടം കൊവിഡിനെതിരെയാണ്, രോഗിയോടും കുടുബത്തോടുമല്ല' എന്നു തുടങ്ങുന്ന കുറിപ്പ് സുഹൃത്തുക്കളടക്കം ഏറ്റെടുതോടെ പിന്തുണ അറിയിച്ച് നിരവധി പേർ എത്തി.