id

തൊടുപുഴ: രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി പദ്ധതിയിലെ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതോദ്പാദനം പതിനായിരം കോടി യൂണിറ്റിലെത്തി. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തിനു സമർപ്പിച്ച പദ്ധതി 44 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഇടുക്കി അണക്കെട്ടിൽ നിന്ന് 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്‌വാരത്ത് പാറ തുരന്നാണ് മൂലമറ്റം പവർഹൗസ് നിർമിച്ചിരിക്കുന്നത്. 1975ലും 1986 ലും രണ്ട് ഘട്ടങ്ങളിലായി സ്ഥാപിച്ച മൂന്ന് വീതം ജനറേറ്ററുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഭൂമിയുടെ അടിയിൽ വിസ്തൃതി ഏറിയ പാറയ്ക്കുള്ളിൽ തുരന്നെടുത്ത 7 നിലകളായാണ് വൈദ്യുതി നിലയം. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജല സംഭരണിയാണ് ഊർജോത്പാദനത്തിന്റെ സ്രോതസ്. ഭൂമിക്കടിയിലൂടെയെത്തുന്ന വെള്ളം ഏകദേശം 669.2 മീറ്റർ (2195 അടി) ഉയരത്തിൽ നിന്ന് ആറ് ടർബൈനുകളിലേക്കു വീഴിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഒരോ ടർബൈനുകളുടേയും ക്ഷമത 130 മെഗാവാട്ടാണ്. ആകെ 780 മെഗാവാട്ടാണിവിടത്തെ ഉദ്പാദന ക്ഷമത. എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 18 ദശ ലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാം. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും മൂലമറ്റത്ത് നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്.

പതിനായിരം കോടി നേട്ടത്തെ അടയാളപ്പെടുത്തിയ ശിലാഫലകം പവർഹൗസിൽ നടന്ന ചടങ്ങിൽ അനാഛാദനം ചെയ്തു. മന്ത്രി എം.എം.മണി വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. അണക്കെട്ടുകളും വൈദ്യുതി നിലയവും നിർമിക്കവെ രക്തസാക്ഷികളായവരെ ചടങ്ങിൽ സ്മരിച്ചു.

കെ.എസ്.ഇ.ബി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.എസ്.പിള്ള അദ്ധ്യക്ഷനായിരുന്നു. .