കട്ടപ്പന: പ്രതിസന്ധിയിലായ സ്വർണപ്പണി തൊഴിലാളികളുടെ ഏക ആശ്വാസമായിരുന്ന സ്വർണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിറുത്തലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അഖില കേരള വിശ്വകർമ മഹാസഭ ഇടുക്കി യൂണിയൻ. ജ്വല്ലറി ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് നീക്കം. ഷോപ്പ്‌സ് ആന്റ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധിയിൽ സ്വർണപ്പണി തൊഴിലാളികളെ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയമാണ്. പരമ്പരാഗതമായും സ്വന്തംനിലയ്ക്കും കൈത്തൊഴിലായി സ്വർണപ്പണി ചെയ്യുന്നവരാണ് ഏറെയും. ഇതു സർക്കാർ മനസിലാക്കണം. ക്ഷേമനിധി ബോർഡ് നിറുത്തലാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചില്ലെങ്കിൽ സഭയുടെ നേതൃത്വത്തിൽ സമരപരിപാടികൾ നടത്തുമെന്ന് ഡയറക്ടർ ബോർഡംഗം സതീഷ് പാഴൂപ്പള്ളി, ഇടുക്കി യൂണിയൻ പ്രസിഡന്റ് ഇ.ആർ. രവീന്ദ്രൻ, സെക്രട്ടറി കെ.സി. അനിൽകുമാർ, വൈസ് പ്രസിഡന്റ് മനോജ് സോമൻ എന്നിവർ അറിയിച്ചു.