കട്ടപ്പന: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ ഇടുക്കി നായരുപാറ പുളിക്കൽകന്നേൽ അജോ (23), സഹായി ചെറുതോണി പ്രായറയ്ക്കൽ അനിൽകുമാർ (41), കാർ യാത്രക്കാരായ അടൂർ ഗൗരീശങ്കരത്തിൽ അനിൽകുമാർ (34), പുത്തൻവീട്ടിൽ ബാബു ദിവാകരൻ (46), രതീഷ് (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മാട്ടുക്കട്ട താണ്ടാൻപറമ്പിൽ പടിയിലായിരുന്നു അപകടം. ഇടുക്കി മെഡിക്കൽ കോളജ് ലാബിലേക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്ന് സ്രവം ശേഖരിക്കാൻ പോകുന്നതിനിടെ, കട്ടപ്പനയിലേക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചിന്നക്കനാൽ പി.എച്ച്.സിയുടേതാണ് ആംബുലൻസ്. പരിക്കേറ്റവരെ കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷയ്ക്കു ശേഷം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.