തൊടുപുഴ: ദുരിതംപേറുന്ന കർഷക കുടുംബത്തിന് കൈത്താങ്ങായി പി.ജെ ജോസഫ് എം.എൽ.എ. അരിക്കുഴ കണ്ടമംഗലത്ത് കൃഷ്ണൻകുട്ടിക്കും കുടുംബത്തിനുമാണ് വീട് പുനരുദ്ധരിച്ച് നൽകി പി.ജെ. ജോസഫ് ഇവരുടെ വാർദ്ധക്യകാലത്ത് തുണയേകിയത്. കഴിഞ്ഞ ദിവസം മർച്ചൻ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ അരിക്കുഴ പാടശേഖരത്ത് നെൽവിത്ത് വിതയ്ക്കൽ ഉദ്ഘാടനത്തിന് എത്തിയ പി.ജെ. ജോസഫ് മേഖലയിലെ ആദ്യകാല കർഷകനായ കൃഷ്ണൻകുട്ടിയുടെ ദുരവസ്ഥ നേരിട്ട് അറിഞ്ഞിരുന്നു. കൃഷ്ണൻകുട്ടിയുടെ വാസയോഗ്യമല്ലാത്ത വീടിന്റെ അവസ്ഥ അറിഞ്ഞ എം.എൽ.എ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വീട് പുനരുദ്ധരിക്കാൻ മുൻകൈയെടുത്തു. ജെയ്‌സ് ജോൺ, ജോസ് മാത്യു, ജോയി ജോസഫ്, ജിജോ, ക്ലമന്റ് ഇമ്മാനുവൽ, ജിബി, ജോജോ, ചന്ദ്രൻ, അനൂപ്, സിദ്ധാർഥൻ എന്നിവരാണ് പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയത്. വീട് പുനർനിർമിച്ച ശേഷം പി.ജെ ജോസഫ് കൃഷ്ണൻകുട്ടിയുടെ വീട് സന്ദർശിച്ചു.