തൊടുപുഴ: കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് കഴിയുന്നതിനായി തയ്യാറാക്കിയ നിരീക്ഷണ കേന്ദ്രത്തിൽ യുവാവിനും യുവതിയ്ക്കും അനധികൃതമായി താമസസൗകര്യമൊരുക്കിയ സ്ഥാപന ഉടമ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവിടെ താമസത്തിനെത്തിയ ആവോലി സ്വദേശിയായ യുവാവ്, കോതമംഗലം സ്വദേശിനി,​ ടൂറിസ്റ്റ് ഹോം ഉടമ എന്നിവർക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. നിരീക്ഷണത്തിൽ കഴിയാനെത്തുന്നവരിൽ നിന്ന് വാടക വാങ്ങിയാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതിനിടെയാണ് ടൂറിസ്റ്റ് ഹോം ഉടമ പുറമെ നിന്ന് ആളുകൾക്ക് മുറി നൽകിയത്. സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇവിടെ ഉണ്ടായിരുന്ന വോളന്റിയർമാരാണ് പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചത്. മൂന്നു പേരെയും 14 ദിവസത്തെ നിരീക്ഷണത്തിനായി കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.