ചീനിക്കുഴി: കൊവിഡിന്റെ പേരിൽ ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് സർക്കാർ പിടിച്ചെടുക്കരുതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വാർഷിക പദ്ധതികൾ തയ്യാറാക്കുന്ന ഘട്ടത്തിൽ ഫണ്ട് ലഭ്യത വെട്ടിക്കുറച്ച സമീപനമാണ് ധനകാര്യ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഗ്രാമീണ വികസനം അട്ടിമറിക്കുന്ന നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഉടുമ്പന്നൂർ പഞ്ചായത്തിലെ കട്ടിക്കയത്ത് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ മന്ദിരോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.
സുഭിക്ഷ കേരളം പദ്ധതിയെ അവഹേളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. പദ്ധതികളെ സംമ്പന്ധിച്ചോ സാമ്പത്തിക വിനിയോഗത്തെ സംബന്ധിച്ചും സർക്കാരിന് ദിശാബോധം നഷ്ടപ്പെട്ടതായും പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു മുഖ്യ പ്രഭാഷണം നടത്തി.ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജീവ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്തംഗം മനോജ് തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സീതി, ബ്ലോക്ക് മെമ്പർമാരായ ഗൗരി സുകുമാരൻ, സാജു മാത്യു, ജിജി സുരേന്ദ്രൻ ,ഷൈനി അഗസ്റ്റിൻ, എംമോനിച്ചൻ, പി.ഐ മാത്യു, ബിന്ദു പ്രസന്നൻ,സുജ ഷാജി,ബേസിൽ ജോൺ, പഞ്ചായത്തംഗം നീതു ബാബുരാജ്, സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവ് രാജൻ, ബി.ഡി.ഒ കെ.ആർ. ഭാഗ്യരാജ്, അസി. എക്‌സി. എൻജിനീയർ ടി.ആർ. ദീപ, അസി. എൻജിനിയർ കെ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.