മുട്ടം: മാലിന്യത്തിൽ നിന്ന് ഉണ്ടാകുന്ന റോഡ് ടാറിംഗിനടക്കം ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാൻ ക്ലീൻ കേരള കമ്പനിയുടെ ജില്ലാ തലത്തിലുള്ള ഗോഡൗൺ മുട്ടത്ത് കാക്കൊമ്പിൽ പ്രവർത്തന സജ്ജമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആർ.ആർ.എഫിൽ നിന്ന് വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുക്കൾ കേട് കൂടാതെയും നാശനഷ്ടങ്ങൾ വരാതെയും ഏറെ നാൾ കരുതലായി സൂക്ഷിക്കുന്നത് മുട്ടത്ത് സജ്ജമാകുന്ന ഗോഡൗണിലാണ്. അസംസ്കൃത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഇടമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഗോഡൗൺ റെഡിയാകുന്നതോടെ ഇതിന് പരിഹാരമാകും. വർഷങ്ങൾക്ക് മുമ്പ് ജില്ലാ പഞ്ചായത്ത്‌ കാക്കൊമ്പിൽ നിർമ്മിച്ച കെട്ടിടം യഥാസമയം അറ്റകുറ്റ പണികൾ നടത്താത്തതിനാൽ ജീർണ്ണാവസ്ഥയിലായിരുന്നു. ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതോടെ കെട്ടിടം ഉപയോഗ പ്രദമാക്കാൻ ആഴ്ചകളായി ദ്രുതഗതിയിൽ അറ്റകുറ്റ പണികൾ നടത്തി വരുകയാണ്. 2000 ചതുരശ്ര വിസ്തൃതിയിലുള്ളതാണ് ഗോഡൗൺ. കളക്ടർ ചെയർമാനായ ഗവേണിങ്ങ് ബോഡിയാണ് ഇതിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ജില്ലയിലെ വിവിധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഇ - മാലിന്യങ്ങളും പുനരുത്പാദന വസ്തുക്കളായി മാറ്റുന്നതിനുള്ള സംവിധാനവും ക്ലീൻ കേരള കമ്പനിയിലൂടെ ആവിഷ്‌കരിക്കും.

മാലിന്യനീക്കം ഇങ്ങനെ

 വീടുകൾ, വ്യാപാര -വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹരിത കർമ്മ സേനകൾ ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യങ്ങൾ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കേന്ദ്രത്തിൽ എത്തിക്കും.

 ഇവിടെ നിന്ന് തരം തിരിക്കുന്ന വസ്തുക്കൾ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ് ) കേന്ദ്രത്തിലേക്ക് മാറ്റും.

 ആർ.ആർ.എഫിൽ എത്തുന്ന വസ്തുക്കൾ പുനചംക്രമണത്തിലൂടെ പുനരുത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളാക്കി മാറ്റും. ഈ അസംസകൃത വസ്തുക്കളാണ് റോഡ് ടാറിങ്ങിന് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതും

 അസംസ്‌കൃത വസ്തുക്കൾ കേട് കൂടാതെ മുട്ടത്ത് സജ്ജമാകുന്ന ഗോഡൗണിൽ സൂക്ഷിക്കും