തൊടുപുഴ: ഉത്പന്നങ്ങൾക്ക് വിലക്കുറവും നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവും മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന ഇടത്തരക്കാരെ സഹായിക്കുന്നതിന് ഭൂനികുതിയിലും കെട്ടിടനികുതിയിലും കാര്യമായ കുറവ് വരുത്താൻ സർക്കാർ തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു . ഭൂനികുതി അടയ്ക്കാൻ വില്ലേജ് ഓഫീസിൽ ചെല്ലുന്ന കർഷകരോട് വർദ്ധിപ്പിച്ച ക്ഷേമനിധി തുക നിർബന്ധപൂർവം വസൂലാക്കുകയാണ്. പഞ്ചായത്ത് ഓഫീസിൽ കെട്ടിടനികുതി അടച്ചാലും കെട്ടിടവുമായി യാതൊരു ബന്ധവുമില്ലാത്ത തൊഴിലാളികളുടെ പേരിൽ ക്ഷേമനിധി എന്ന പേരിൽ ലേബർ ഓഫീസിൽ നിന്ന് മറ്റൊരു നികുതി ഈടാക്കുന്നു. ഇതിനും പുറമെ റവന്യൂവകുപ്പിൽ നിന്ന് ഒറ്റതവണ നികുതി ഇതെല്ലാം ചേർന്ന അമിത ഭാരമാണ് ജനങ്ങൾ വഹിക്കേണ്ടി വരുന്നത്. ഇടത്തരം സാധാരണജനവിഭാഗങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഇതെല്ലാം. ഒരു കെട്ടിടത്തിന് ഇത്തരത്തിൽ പലവിധ നികുതികൾ ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.