തൊടുപുഴ: കൊവിഡും ലോക്ക് ഡൗണും കാരണം നട്ടം തിരിയുന്ന ആട്ടോ- ടാക്സി ഡ്രൈവർമാർ വാഹനത്തിൽ ജി.പി.എസ് ഘടിപ്പിക്കണമെന്ന നിബന്ധന തൊഴിലാളികളെ ഏറെ കഷ്ടത്തിലാക്കുന്നു. ആട്ടോ - ടാക്സികളിൽ ജി.പി.എസ് ഘടിപ്പിച്ചാൽ മാത്രമേ ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് നൽകൂ. ഒരു ജി.പി.എസ് മെഷ്യന് 7000 മുതൽ 9000 വരെയാണ് വിലയുള്ളത്. വാഹനത്തിൻ്റെ ഇൻഷ്വറൻസ് തുകയായ 15000 രൂപയും ഇതോടൊപ്പം അടക്കേണ്ടി വരുന്നു. വണ്ടിയുടെ അത്യാവശ്യ പണി കൂടി കഴിഞ്ഞ് പുറത്തിറങ്ങുന്നതോടെ വലിയ തുകയാണ് വാഹനത്തിന്റെ ടെസ്റ്റ് വർക്കിനായി ചെലവാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക വാഹനത്തിൽ നിന്ന് തിരികെ പിടിക്കുക അസാധ്യമാണ്. പലരും വാഹനം സ്വന്തമാക്കിയത് ലോൺ എടുത്താണ്. വണ്ടിയുടെ തിരിച്ചടവും ജീവിത ചെലവും കണ്ടെത്താൻ പാടുപെടുന്ന സാധാരണക്കാരായ ആട്ടോ ടാക്സി ഉടമകളോടാണ് 9000 രൂപയോളം വിലവരുന്ന ജി.പി.എസ് ഘടിപ്പിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർബന്ധിക്കുന്നത്. കൊവിഡ് കാലത്ത് എങ്കിലും ജി.പി.എസ് ഘടിപ്പിക്കണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കി തരണമെന്നാണ് ആട്ടോ- ടാക്സി ഡ്രൈവർമാരുടെ അവശ്യം.