രാജകുമാരി: ഹൃദയാഘാതം കാരണം മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച രാജാക്കാട് എൻ.ആർ സിറ്റി ചിറമ്മേൽ ജോയിയുടെ ഭാര്യ വത്സമ്മയ്ക്കാണ് (56) കൊവിഡ് റാപിഡ് ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണ ഇവരെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ രാവിലെ 9.30ന് മരിക്കുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജോയിയും മകൻ ബിബിനും വീട്ടിൽ മടങ്ങിയെത്തി നിരീക്ഷണത്തിലായി. ബിബിൻ ആട്ടോറിക്ഷ ഡ്രൈവറും ജോയി രാജാക്കാട് ടൗണിൽ വാച്ച് റിപ്പയറിംഗ് കട നടത്തുന്നയാളുമാണ്. ഉറവിടമറിയാത്ത കൊവിഡ് കേസായതിനാൽ രാജാക്കാടും പരിസരവും കനത്ത ആശങ്കയിലാണ്. രോഗി ആദ്യമെത്തിയ എസ്.എൻ ആശുപത്രി അഞ്ചു ദിവസത്തേക്ക് അടച്ചു. മരണവീട്, പള്ളി, കോൺവന്റ്, രാജാക്കാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇവർ പോയിട്ടുള്ളതായാണ് വിവരം. പത്തനംതിട്ട പൗവ്വത്ത് കുടുംബാംഗമാണ് വത്സമ്മ. ബിൻസി, ബിജോ എന്നിവരാണ് മറ്റ് മക്കൾ. മരുമകൻ: പ്രവീൺ.